Powered By Blogger

Wednesday, March 30, 2011

ഈ മമ്മൂട്ടി....!!


ഫെയ്സ് ബുക്കില്‍ നിന്നും പോയ ലിങ്കുകള്‍ എന്നെ മമ്മൂട്ടിയുടെ ബ്ലോഗിലാണ് കൊണ്ട് നിര്‍ത്തിയത്. കുറെ നാളായി മമ്മൂട്ടിയുടെ ബ്ലോഗ്‌ മമ്മൂട്ടിയുടെ എഴുത്ത് എന്നൊക്കെ കേട്ടതല്ലാതെ ആദ്യമായി ആണ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ കയറി വായിച്ചു നോക്കിയത്. അപ്പോള്‍ തന്നെ ഫോളോ ചെയ്തു തുടങ്ങുകയും ചെയ്തു.

ഇനി കുറച്ചു നാളുകള്‍ പുറകോട്ടു പോകാം. 2009 ന്യൂസ്‌ മേകര്‍ പ്രഖ്യാപനം (മനോരമ ന്യുസിന്റെ) മമ്മൂട്ടി ആണ് നടത്തിയത് എന്നറിയാമെല്ലോ. അന്ന് മനോരമയുടെ സ്റ്റുഡിയോയില്‍ അദ്ദേഹം വന്നിരുന്നു. പ്രഖ്യാപനത്തിന് ശേഷം കുറച്ചു നേരം എല്ലാവരോടും സംസാരിച്ചു ഫോട്ടോയും മറ്റും എടുത്തിട്ടാണ് മമ്മൂട്ടി പോയത്. അന്ന് ഒന്ന് രണ്ടു പേര് എന്റെ അടുക്കല്‍ വന്നു "ഞാനും മമ്മൂട്ടിയും കൂടെ നില്‍ക്കുന്ന (അതായതു അവരും മമ്മൂട്ടിയും കൂടെ നില്‍ക്കുന്ന ) ഫോട്ടോ എടുത്തു തരുമോ " എന്ന് എന്നോട് ചോദിച്ചു. ഹും! എന്റെ ജിമ്മി എടുക്കും ഫോട്ടോ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ പറഞ്ഞു... "സോറി.. ഞാന്‍ എടുത്തു തരില്ല" ശരാശരി മലയാളിയുടെ "കോംപ്ലെക്സ്' ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യുകയായിരുനിരിക്കാം എനിക്ക്. അവര്‍ എന്നെ മനസ്സില്‍ തെറി പറഞ്ഞു കാണണം. "ഇതിലൊക്കെ എന്തിരിക്കുന്നു" എന്റെ മുഖത്ത് എഴുതി വെച്ച് മമ്മൂട്ടിയേക്കാളും മസിലും പിടിച്ചു നിന്നു ഞാന്‍ .

തിരിച്ച മമ്മൂട്ടിയുടെ ബ്ലോഗിലേക്ക് ... അവിടെ ഒരു സൈഡ് പോസ്റ്റ്‌ കണ്ടു..

"Here is some special photo updates for you, its directly from my mobile. I think this will help me to share my movements and surroundings with you. All the photographs are taken by Mr. George. Just explore the galleries…"

എന്നാല്‍ explore ചെയ്തു കളയാം എന്ന് ഞാനും കരുതി. മമ്മൂട്ടിയുടെ പേര്‍സണല്‍ മൊബൈലില്‍ എടുത്ത ഫോട്ടോകളില്‍ ക്ലിക്ക് ചെയ്തു. പല തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോസ്... ഒരു പേജ് മറിഞ്ഞപ്പോള്‍ ഞാന്‍ കറന്റ്‌ അടിച്ച പോലെ ആയി. മമ്മൂട്ടിയുടെ സ്വന്തം മൊബൈലില്‍ എടുത്ത ഫോട്ടോയില്‍ ഈ ഞാനും! അതെ മസിലും പിടിച്ചു മമ്മൂട്ടിയുടെ വായും നോക്കി നില്‍ക്കുന്നു...എന്റെ എല്ലാ കോംപ്ലെകസും കത്തിക്കരിഞ്ഞു ചാമ്പലായി പോയി...

ഈശ്വരാ... പിന്നെയും മമ്മൂട്ടി ജയിച്ചല്ലോ...

എന്നാല്ലും ജോണി സാറിന്റെ അപ്പുറത്ത് ഞാന്‍ നിന്നിരുന്നുവെങ്കില്‍ കുറച്ച കൂടി മമ്മൂട്ടിയുടെ അടുത്ത് നില്‍ക്കുന്ന ഫോട്ടോ കിട്ടിയേനെ.... കഷ്ടമായി പോയി..

Tuesday, March 29, 2011

തിരികെ....

ഞാന്‍ എന്റെ ഓര്‍മകളെ നിനക്ക് തരുന്നു;
എന്റെ പ്രണയം പൂത്തുലഞ്ഞ ഈ ഇലഞ്ഞിമരവും
ആദ്യമായി നമ്മള്‍ കണ്ട ആ നാളുകളും
എന്റെ കവിളില്‍ പതിഞ്ഞ ചുടുചുംബനവും
ആദ്യ മഴയില്‍ നനഞ്ഞ നമ്മുടെ സ്വപ്നങ്ങളും
വളപൊട്ടുകളും, മയില്‍പീലികുഞ്ഞുങ്ങളും
സ്വപ്നം നിറഞ്ഞ എന്റെ പുസ്തകതാളുകളും
നിന്റെ നീര്‍മിഴികളും എനിക്കായ് ഒളിപ്പിച്ച നിന്റെ ചിരിയും
നിനക്കായി കടലാസ്സില്‍ കോറിയ എന്റെ ഹൃദയവും
പ്രണയത്തിന്റെ കാല്പാടുകള്‍ പതിഞ്ഞ ആ ഇടവഴികളും

നല്‍കാം എല്ലാം ഞാന്‍ - നിനക്ക്
നല്‍കാമോ എന്നെ, തിരികെ എനിക്ക് ?

Monday, March 28, 2011

ഇനി മേലാല്‍......

ഉദയനാണ് താരം എന്ന സിനിമ വളരെ നല്ല മനസ്സോടു കൂടിയാണ് ഞാന്‍ കണ്ടത്. പ്രത്യേകിച്ച് മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ വളരെ നാളുകള്‍ക്കു ശേഷമുള്ള ഒരു നല്ല ഡൌണ്‍ ടു എര്‍ത്ത് ആയ ഒരു കഥാപാത്രവും കൂടിയായപ്പോള്‍ സിനിമ എനിക്ക് ഇഷ്ടമായി, അത് പോലെ തന്നെ ടൈറ്റിലും. ഒരു വ്യത്യസ്തതയുള്ള പേര്. റോഷന്‍ ആണ്ട്രൂസ് എന്ന സംവിധായകന്‍ എന്റെ മനസില്‍ ശരിക്കും ഒരു ഇടം നേടി. അന്ന് "റോഷന്‍ ആയിരുന്നു താരം "

പിന്നീട് ഒരുപാടു തലക്കെട്ടുകളിലൂടെ ഈ 'താരം' എന്ന വാക്ക് വീണ്ടും പുനര്‍ജനിച്ചു. എല്ലാ മാധ്യമങ്ങളും, ടി വി ആയാലും പത്രം ആയാലും പല പല വാര്‍ത്തകള്‍ക്കും ഇതിനു സമാനമായ തലക്കെട്ടുകള്‍ ഉപയോഗിച്ച് കണ്ടു. അന്നൊക്കെ ഒരു താല്പര്യം തോന്നുമായിരുന്നു ആ വാര്‍ത്തകള്‍ വായിക്കാന്‍. വായിച്ചു കഴിഞ്ഞാലും തലക്കെട്ടുകള്‍ "താരമായി' തോന്നുമായിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട്‌

ആനയുടെ വാര്‍ത്ത ആണെങ്കില്‍...... ആനയാണ് താരം
വല്ല രാഷ്ട്രിയ വാര്‍ത്തയും ആണെങ്കില്‍ ...... 'അങ്ങേര്‌' ആയിരിക്കും താരം
പിന്നെ വല്ല കൊച്ചുങ്ങളും എന്തെങ്കിലും ചെയ്താല്‍ ...... 'മണിക്കുട്ടന്‍"( ഈ പേര് എന്തുമാവാം) ആണ് താരം

അങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും എല്ലാം 'അതാണ്‌ താരം' ഇതാണ് താരം എന്നൊക്കെ തലക്കെട്ടുകള്‍ പടച്ചു വിട്ടു തുടങ്ങി. ഇപ്പോള്‍ വന്ന് വന്ന് എന്തിനെങ്കിലും ഒരു തലക്കെട്ട്‌ കിട്ടിയില്ലെങ്കില്‍ അവിടെയും കൊടുക്കും .... അതാണ്‌ താരം എന്ന്. കണ്ടു കണ്ടു മടുത്തു ശരിക്കും. ഇപ്പോള്‍ എനിക്ക് ആ റോഷന്‍ അന്ട്രൂസിനോട് തീരാത്ത ദേഷ്യം തോന്നുകയാണ് ( ഉദയനാണ് താരം എന്ന ടൈറ്റില്‍ അദ്ദേഹത്തിന്റെ മാത്രം സംഭാവനയാണോ എന്നറിയില്ല എന്നാലും) കാരണം ഇപ്പോള്‍ ഏതു പത്രം തിരഞ്ഞാലും, അല്ലെങ്കില്‍ ഏതു ചാനല്‍ വെച്ചാലും, വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത ഉണ്ടെങ്കില്‍ ഇത് തന്നെ തലക്കെട്ട്‌. ഇന്നും കണ്ടു ഒന്ന്... ആ തലക്കെട്ട്‌ കണ്ടപ്പോള്‍ തന്നെ ആ വാര്‍ത്ത വായിക്കാനുള്ള എന്റെ മനസ്സ് എനിക്ക് നഷ്ടമായി.

പ്രിയ സുഹൃത്തുക്കളെ ഇനി എങ്കിലും ഈ താരത്തെ ഒന്ന് ഒഴിവാക്കിക്കൂടെ... പ്ലീസ്...

Monday, March 7, 2011

ടൈറ്റില്‍ മുന്‍ഷിക്കു വിടുന്നു...

പണ്ട് പണ്ട് നടന്ന കഥയാണ്.. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്.. പി ഡി സി നിര്‍ത്തുന്നതിന്നും മുന്‍പ്. പത്താം ക്ലാസ്സില്‍ ഞാന്‍ റാങ്കിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന സമയം!! (കിട്ടിയോ എന്ന ചോദ്യം അപ്രസക്തമാണ് ഇവിടെ- എന്നെപോലെ ഒരുപാടു പേര്‍ക്ക് കിട്ടിയില്ല അന്ന്)

റാങ്ക് അല്ലെങ്കില്‍ പ്രളയം എന്ന് പ്രഖ്യാപിച്ച് എന്നെയും കൊണ്ട് ചേര്‍ത്തു ഞങ്ങളുടെ നാട്ടിലെ അത്യാവശ്യം കൊള്ളാവുന്ന ഒരു ട്യുഷന്‍ ക്ലാസ്സില്‍. ബോയ്സ് ഒണ്‍ലി സ്കൂളില്‍ പഠിച്ച എനിക്ക് അത് ഒരു പുതിയ ലോകം ആയിരുന്നു, ട്യുഷന്‍ ക്ലാസ്സിലെ മേല്‍ക്കൂരയിലൂടെ നോക്കിയാല്‍ പുതിയ ആകാശവും. അപ്പുറത്തെ ബെഞ്ചുകളില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍, ജനസന്ഖ്യയില്‍ അവര്‍ ഞങ്ങളെ കടത്തി വെട്ടി. സ്വതവേ നാണം കുണുങ്ങി ആയിരുന്ന ഞാന്‍ ഒന്നും കൂടെ കുണുങ്ങി, തല പൊക്കാതെയുള്ള ഇരുപ്പായി. പഠിത്തത്തിലുള്ള എന്റെ ശ്രദ്ധ കൂടുതലായി.. കാരണം മുഴുവന്‍ സമയവും ടെക്സ്റ്റ്‌ ബുക്ക്‌ അല്ലെങ്കില്‍ നോട്ട് ബുക്കില്‍ നോക്കി ഇരുപ്പാണെല്ലോ. പഠിക്കുന്നത് മുഴുവന്‍ നേരെ തലയിലോട്ടു കേറാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ അത്യാവശ്യം നല്ല കുട്ടിയായി കഴിഞ്ഞു പോന്നു കുറേ കാലം. എന്റെ സുഹൃത്തുക്കള്‍ ആകട്ടെ അത്യാവശ്യം പഞ്ചാരയും ഇരട്ടിമധുരവും ഒക്കെ ആയി കഴിഞ്ഞു പോന്നു. ദോഷം പറയരുതല്ലോ, എന്റെ കൂടെ പഠിപ്പിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങള്‍ കുറച്ച പേര് ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ക്ലാസ്സ്‌ തുടങ്ങാന്‍ 5 മിനിറ്റ് ഉള്ളപ്പോള്‍ ക്ലാസ്സില്‍ എത്തും, കഴിഞ്ഞ ഉടനെ സാറിന് ഒരു സലാമും പറഞ്ഞു സൈകിളും എടുത്ത് പറപ്പിച്ചു തിരിച്ചു വീട്ടില്‍ എത്തും.

ഒരു നാള്‍ വരും!!
അങ്ങനെഒക്കെ നിര്‍ഗുണ പരബ്രഹ്മമായി കഴിഞ്ഞു പോയിരുന്ന എന്റെ മനസ്സില്‍ എന്നോ ഒരിക്കല്‍ ഏതോ ഒരുത്തന്‍ പഞ്ചാരഅടിയുടെ ചാക്ക് കുടഞ്ഞിട്ടു, മനസില്ലൂടെ മധുരം കിനിഞ്ഞിറങ്ങി ... മോനെ! മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.

പിറ്റേന്ന് സൈക്കിള്‍ എടുത്തു പതിവില്ലാതെ തുടച്ചു മിനുക്കുനത് കണ്ടു ചേച്ചി ഇന്ന് മഴ പെയ്യുമോ എന്ന് ചോദിച്ചത് ഇപ്പോഴും പെയ്യാത്ത മഴക്കാര് പോലെ മനസ്സില്‍ കിടപ്പുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ, 'ഇത് ഞാന്‍ എന്നും ചെയ്യുനതനെല്ലോ, നീ ഇപ്പോഴാണോ കണ്ടത്" എന്ന മറുചോദ്യവും തട്ടിവിട്ട് ഒരു ആറെ അറുപതില്‍ സൈക്കിള്‍ വിട്ടു- മനസ്സില്‍ ഫെവികൊലിനെകാലും ഉറപ്പിച്ച തീരുമാനവുമായി- ഇന്ന് ഞാന്‍ എന്റെ ഇമേജ് മാറ്റി മരിക്കും തീര്‍ച്ച.

ക്ലാസ്സില്‍ എതിയെപ്പോള്‍ പക്ഷെ വൈകി. ആകെ 2 മണിക്കൂറെ ക്ലാസ്സ്‌ ഉള്ളൂ. കഴിയാനായി കാത്തിരുന്നു. അന്ന് ഫിസിക്സ്‌ഉം ബയോലെജിഉം ഒന്നും എന്റെ തലയില്‍ കയറിയില്ല.. എങ്ങനെ സ്റ്റാര്‍ ആകും എന്ന ചിന്ത മാത്രം തലയിലൂടെ അങ്ങോളം ഇങ്ങോളം ഷട്ടില്‍ കോര്‍ക്ക് ആയി പാഞ്ഞു നടന്നു. ഹാവൂ ! അവസാനം ക്ലാസ്സ്‌ തീര്‍ന്നു. എല്ലാവരും ഇറങ്ങുന്നതിനു മുന്‍പ് തന്നെ സൈകിളില്‍ കയറി. ആരെക്കെയോ എന്തെക്കെയോ ചോദിച്ചു, ഞാന്‍ എന്തെക്കെയോ പറഞ്ഞു.. അവിടെ കുറച്ച പെണ്‍കുട്ടികള്‍ ക്ലാസ്സിന്റെ കോമ്പൌണ്ട് വിട്ടു ഗേറ്റ് വഴി അതാ പുറത്തേക്കു ഇറങ്ങാന്‍ പോകുന്നു. എന്റെ ഇന്സ്ടിങ്ങ്റ്റ് എന്നോട് മന്ത്രിച്ചു... "മോനെ സമയം കളയല്ലേ" ഞാന്‍ സര്‍വ ശക്തിയും എടുത്ത് സൈക്കിള്‍ ചവിട്ടി, ഹാന്‍ഡില്‍ ഒന്ന് പൊക്കി ... അത് മാത്രം ഓര്‍മയില്‍ തെളിഞ്ഞു കിടപ്പുണ്ട്. പിന്നെ ഞാന്‍ ഒരു ലോ ആംഗിള്‍ ഫ്രെയ്മില്‍ ആണ് ലോകത്തെ കണ്ടത്. പാവാട ഇട്ട പെണ്‍കുട്ടികള്‍ തലകീഴായി നിന്ന് നോക്കി ചിരിക്കുന്നു.. കൂടെ കുറേ ലവന്മാരുമുണ്ട്. ഇപ്പോഴാണ് ശരിക്കും മനസ്സില്‍ ലഡ്ഡു പൊട്ടിയത്, ഒന്നും രണ്ടുമല്ല ഒരായിരം... ലഡ്ഡു മാത്രമല്ല മുട്ടും പൊട്ടി. ഇമേജ് മാറ്റി മറിക്കാന്‍ പോയ എന്റെ ഉള്ള ഇമേജ് മുഴുവന്‍ പോയി. ഈശ്വരന്മാരെ ആലോചിക്കാനുള്ള സമയവും സന്ദര്‍ഭവും ഇല്ലാത്തതു കൊണ്ട് ആരെയും വിളിക്കാതെ എന്റെ സൈകിളില്‍ ചാടി കയറി. പിന്നെ എട്ടെ നൂറില്‍ ഒരു വിടലായിരുന്നു. അപ്പോഴും പുറകില്‍ ഡി ടി എസ്സില്‍ ചിരികള്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.

രണ്ടു ദിവസത്തെ നിര്‍ബന്ധിത (ഞാന്‍ എനിക്ക് തന്നെ നിര്‍ബന്ധിച്ചത് ) അവധിക്കു ശേഷം ഞാന്‍ തിരിച്ചു ക്ലാസ്സില്‍ പ്രവേശിച്ചു. അന്ന് മുതല്‍ വീണ്ടും ഞാന്‍ എന്റെ പഠിത്തത്തില്‍ മുഴുകാന്‍ ശ്രമിച്ചു.... എന്റെ റാങ്ക് ... എന്റെ ഭാവി..