Powered By Blogger

Wednesday, May 22, 2024

ചെല പയലുകള്‌

കണ്ണാടിപ്പാറയിലെ കറുപ്പാണ്ടിയെ തളച്ച തേക്ക്‌ മരത്തിന്റെ തണലിൽ വൈകുന്നേരത്തെ കാറ്റും കൊണ്ട്‌ സിഗരറ്റും വലിച്ചിരിക്കുകയായിരുന്നു സുജിത്തും കണ്ണനും. കുറുകെ ഓടിപ്പോയ ഒരു പച്ചയോന്തിനെ ‌ ആനചവിട്ടിക്കുളത്തിലേക്ക്‌ ഒരൊറ്റയേറിന്‌ തള്ളിയിട്ട്‌ "യാ മോനേ" എന്ന് സ്വന്തമായി വിളിച്ച്, അഭിമാനിച്ച്‌, കണ്ണനെ നോക്കിയ സുജിത്‌, കയറ്റം കയറി വരുന്ന ഒരു നരച്ച തല കണ്ടു.


"ഡാ, കണ്ണാ ... ഞണ്ട് പാക്കരൻ വരുന്നുണ്ടടേയ്‌. കെളവന്‌ നമ്മളെ കണ്ടാൽ ചൊറിയണം തട്ടിയ പോലാ, കോപ്പിലെ ചൊറിച്ചിലാ." 


തല പൊക്കി നോക്കിയ കണ്ണനെ കണ്ടതും പാക്കരന്റെ മട്ട്‌ മാറി. കഷ്ടപ്പെട്ട്‌ കയറ്റം കയറി വന്ന പാക്കരൻ അമരീഷ്‌ പുരിയുടെ ശബ്ദത്തിൽ വിളിച്ച്‌ ചോദിച്ചു. " ഡേയ്‌‌ നീയൊക്കെ അവിടെ എന്തുവാടെ പരിപാടി? വല്ല കഞ്ചാവോ മറ്റോ വലിച്ച്‌ കേറ്റുവാണോ.?" 


"ഇയാളെ ഇന്ന് ഞാൻ.." ഇരുന്ന കല്ലിൽ നിന്ന് സിഗരറ്റ്‌ വലിച്ചെറിഞ്ഞ്‌ ചാടിയിറങ്ങിയ കണ്ണനെ സുജിത്‌ പിടിച്ചു. "ഡാ ചുമ്മായിരി. അങ്ങേർക്ക്‌ വട്ടാ. നീ മിണ്ടണ്ട." എന്നിട്ട്‌ തിരിഞ്ഞ്‌ പാക്കരനോട്‌ പറഞ്ഞു. 

"ഒന്നൂലാ മാമാ, ഞങ്ങള്‌ വിടെ ചുമ്മാ ഇരിക്കുവായിരിന്ന്." 


" വോ... പിന്നേ നീയൊക്കെയല്ലേ ചുമ്മായിരിക്കണത്‌! അപ്പീടാൻ ഇരിന്നാ പോലും എന്തേലും കുണ്ടണി ഒപ്പിക്കണതുങ്ങളാ രണ്ടും." ഞണ്ട്‌ മുരണ്ടു. 


"ദേ എന്റെ അപ്പൂപ്പന്റെ പ്രായമുള്ളോണ്ടാ.. അല്ലേൽ." കണ്ണന്‌ ദേഷ്യം ഇരട്ടിച്ചു. 


" അല്ലേ നീയെന്നെ എന്തര്‌ ചെയ്യുവെടാ? നീ നിന്റച്ഛനോട്‌ ചോദീര്‌, ഭാസ്കരനെപ്പറ്റി. അവൻ എന്നെക്കണ്ടാ ഇപ്പഴും മുണ്ടേ പെടുക്കും." പാക്കരനും വീർ കേറി. 


"തന്നെ തന്നെ ... ഞണ്ട്‌ പോലെ 'റ' കാലും വച്ച്‌ വരുന്ന തന്നെ കണ്ടാൽ പിള്ളേര്‌ പോലും പേടിക്കൂലഡോ. താനീ നാട്ടിലൊന്നുമല്ലേ കെളവാ ജീവിക്കണത്‌?" കണ്ണന്‌ ദേഷ്യം അടക്കാൻ കഴിയുണ്ടായിരുന്നില്ല. 


"നിന്റച്ഛൻ വിനയഭാനു അല്ലേടേയ്‌? ആണെങ്കി അവൻ പേടിച്ചോളും. ഇനി അവനല്ലെങ്കീ ... ആ അത്‌ എനിക്കറിയത്തില്ല കേട്ടാടാ മോനേ. നീ ക്ഷമി. ഹ ഹ ഹ ... " 


ഇതും പറഞ്ഞ്‌ ഞണ്ട്‌ പാക്കരൻ ഒരു വെടലച്ചിരി ചിരിച്ചു. അതും കൂടെ കണ്ട കണ്ണന്റെ നിയന്ത്രണം പോയി. അവൻ മുഷ്ടി ചുരുട്ടി ഭാസ്കരന്റെ അടുത്തേക്ക്‌ ചെന്ന് അലറി. 


"ഡോ ഡോ ഡോ ...‌ പന്ന ഞൊണ്ടി അഴുക്ക കെളവാ, നിങ്ങള്‌ സൂക്ഷിച്ചോ. ഇടിച്ച്‌ പിരിത്തളയും. തോണ്ടിയെടുത്ത്‌ ആ കുഴിയിലിട്ടാൽ മതി നിങ്ങള്‌ തീരാൻ, ഓർത്തോ." 


"തരത്തിൽ പോയി കളിയെടാ വാളി പയലോളെ. നീയൊക്കെ ജൻല്ലാശൂത്രീല്‌‌ മൂക്കിലും വായേലും കൊഴലുമിട്ട്‌ കിടന്ന ഒരുത്തന്റെ തന്തേടേം തള്ളേടേം മുന്നി വച്ച്‌ അവനെ കളിയാക്കീന്ന് അറിഞ്ഞപ്പോഴേ ഞാനോങ്ങി വച്ചതാ നിനക്കൊക്കെ. രായേന്ദ്രന്റെ മോൻ അപകടത്തിപ്പെട്ട്‌ അത്യാഹിതത്തിൽ കെടന്നപ്പോ അതിന്റെ വാതിക്ക വച്ച്‌ തന്നെ നിനക്കൊക്കെ അവനെ കോനയടിക്കണം അല്ലേ?" ഇതും പറഞ്ഞ്‌ ഞണ്ടൊന്നിറുക്കി നോക്കി കണ്ണനെ. ഇത്‌ കേട്ട്‌ സുജിത്‌ വാ പൊളിച്ച്‌ കണ്ണനെ നോക്കി. കണ്ണൻ ഒന്നും മിണ്ടാനാകാതെ വായും പൊളിച്ച്‌ ഞണ്ടിനെ നോക്കി വണ്ടറടിച്ച്‌ നിൽക്കുകയാണ്‌. 


ചെറിയ ഫ്ലാഷ്‌ ബാക്ക്‌


കണ്ണന്റേം സുജിത്തിന്റേം ഉറ്റ സുഹൃത്ത് വിമൽ ടെറസ്സിൽ നിന്ന് വീണ്‌ കാലൊടിഞ്ഞ്‌, തല പൊട്ടി‌ ആശുപത്രിയിൽ ആയി. അതിന്‌ കൂട്ട്‌ നിൽക്കാൻ പോയതായിരുന്നു കണ്ണൻ-സുജിത്‌ ടീം. നിന്ന് നിന്ന് ബോറടിച്ച്‌ തുടങ്ങിയപ്പോൾ അവരുടെ സ്കൂൾ തൊട്ടുള്ള തമാശകഥകൾ പറഞ്ഞ്‌ ചിരിച്ച്‌ സമയം കളയുകയായിരുന്നു. കൂടെ അവിടെ വന്നവരെയും പോയവരെയും കളിയാക്കി ചിരിച്ചു മറിഞ്ഞു. അവര്‌ നിൽക്കുന്ന സ്ഥലവും പരിസരവുമെല്ലാം മറന്ന് ചിരിച്ച് ആർത്ത്‌ നഴ്സുമരെയും ഡോക്ടറന്മാരെയും കളിയാക്കി തങ്ങളുടേതായ ഒരു ലോകം അവരവിടെ സൃഷ്ടിച്ചു. ഇടക്ക്‌ ഗ്ലാസ്‌ ഡോറിനുള്ളിലൂടെ അകത്തേക്ക്‌ നോക്കിയ കണ്ണന്‌ ചിരി പൊട്ടി. കണ്ണൻ സുജിത്തിനെ തോണ്ടി വിളിച്ച്‌ വിമലിനെ കാണിച്ച്‌. "ദേ നോക്കടേയ്‌ നമ്മടെ കിലുക്കത്തിലെ ജഗതി ആശൂത്രിയിൽ കെടന്ന പോലില്ലേ? ഇനിയിപ്പം ഇവനിവിടന്നിറങ്ങി തെങ്ങിൽ കേറുമ്പോൾ എങ്ങാനും 'പ്ലിച്ചോ'ന്നും പറഞ്ഞ്‌ അതീന്നെങ്ങാനും വീണാൽ യെവൻ പിന്നേം ഇവിടെ ഇതേ പോലെ വന്ന് കെടക്കുന്നതൊന്നാലോചിച്ച്‌ നോക്കിയേ! ... എന്നിട്ട്‌ ബാത്രൂമി പോകുമ്പോ വഴുക്കിയടിച്ച്‌ വീഴേം കൂടി ചെയ്താ... തള്ളേ ... ആലോചിച്ചിട്ട്‌ തന്നെ ചിരി നിർത്താൻ പറ്റണില്ല. ജഗതിയുടെ അതേ പോലെ തന്നെയല്ലേടേയ്‌?" 


രണ്ടും കൂടെ ചിരിച്ച്‌ മറിഞ്ഞ്‌ അവിടെ കസേരയിൽ വന്നിരുന്ന് നോക്കുമ്പോൾ കാണുന്നത്‌ വിമലിന്റെ അച്ഛൻ ദേഷ്യം വന്ന് പൊട്ടിത്തെറിക്കാൻ മുട്ടി നിൽക്കുന്ന രണ്ട്‌ ചുവന്ന കണ്ണുകളോടെ അവരെ തുറിച്ച്‌ നോക്കുന്നതാണ്‌. കൂട്ടിരിപ്പ്‌ സുഹൃത്തുക്കൾക്ക്‌ ഉച്ചക്ക്‌ ഭക്ഷണവുമായ്‌ വന്ന വിമലിന്റെ അമ്മയും അനിയത്തിയും കരച്ചിലടക്കാൻ പാട്‌ പെട്ട്‌ കൂടെയും. 


അങ്ങനെ ആ ജാള്യത നിറഞ്ഞ ഫ്ലാഷ്‌ ബാക്കിൽ നിന്ന് രണ്ട്‌ പേരും‌ ഇപ്പോ ഞണ്ടിന്റെ മുന്നിൽ പെട്ട് നിൽക്കുകയാണ്‌. വിമലിന്റെ അച്ഛൻ രാജേന്ദ്രന്റെ അടുത്ത സുഹൃത്താണ്‌ ഞണ്ട്‌ പാക്കരൻ. ഈ കഥ ഞണ്ടും അന്ന് തന്നെ രാജേന്ദ്രനും വിമലിന്റെ അമ്മയും പറഞ്ഞ്‌ അറിഞ്ഞിരുന്നു. 


"എന്തൊരു കന്നന്തിരിവാ കാലന്മാര്‌ ‌ ചെയ്തത്‌! ആരേലും ഇങ്ങനുള്ള സമയത്ത്‌ ഇമ്മാതിരി അലമ്പ്‌ വർത്താനം പറയുവോ? യെവന്മാർക്ക്‌ എന്തരോ കൊഴപ്പമുണ്ടെന്ന് എനിക്ക്‌ പണ്ടേ തോന്നിയിരിന്നെന്ന്. എടക്കെടക്ക്‌ ആ പണേടെ അപ്പറത്തെ പേക്കരിമ്പിന്റെ കാട്ടി കാണും രണ്ടും." തിരിഞ്ഞ്‌ വിമലിന്റെ അമ്മയോടായ്‌, "പാർവതിയമ്മേ, എടക്ക്‌ നിങ്ങട മോനും ഒണ്ടാവും കേട്ടാ. വോ... സത്യം, ഞാൻ കണ്ടിട്ടൊണ്ട്‌ മച്ചമ്പി. പള്ളിവെളേലമ്മച്ചിയാണേ സത്യം! പഷേ, നിങ്ങടെ മോൻ പാവമായിരിക്കും കേട്ടാ‌." 


അന്നത്തെ ഫ്ലാഷ്ബാക്കിൽ അവിടെ നിന്ന് ഞണ്ട്‌ വിമലിന്റെ കുടുംബത്തോട്‌ പറഞ്ഞതാണീ വാക്കുകൾ. അതിന്‌ ശേഷം ഇന്നേ വരെ വിമല്‌നെ കണ്ണന്റെയോ സുജിത്തിന്റെയോ കൂട്ടത്തിൽ വിട്ടിട്ടില്ല രാജേന്ദ്രൻ, വിമൽ പോയിട്ടുമില്ല. 


അറിയാതെ വന്ന് പോയ ഒരു തെറ്റിന്റെ ആവേശത്തിൽ ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ട വേദന അവർക്കിടയിൽ വീണ്ടും കനത്തു. ആ വേദന ആഴ്‌ന്നിറങ്ങിത്തുടങ്ങിയപ്പോൾ കണ്ണനും സുജിത്തും കണ്ണാടിപ്പാറയിലെ അസ്തമയം ഉപേക്ഷിച്ച്‌, കറുപ്പാണ്ടി തേക്കിന്റെ നിഴലുപേക്ഷിച്ച്‌, ആനചവുട്ടിക്കുളം ചുറ്റി താഴേക്ക്‌ ഇറങ്ങി സായിപ്പ് റോഡും കടന്ന് പാതാളപ്പറമ്പ്‌ പീടികയിലേക്ക്‌ പതുക്കെ നടന്നു. സുജിത്തിന്റെ  പാഞ്ഞ ഒറ്റക്കല്ലിൽ ആനചവുട്ടിക്കുളത്തിൽ വീണ ഓന്ത്, കരിഞ്ഞ  മഹാഗണിമരക്കൊമ്പിലിരുന്ന് അവർ പോകുന്നത്‌ നോക്കുന്നുണ്ടായിരുന്നു. 


-----


ഒരു‌ മുഴുവൻ ദിവസം കഴിഞ്ഞു. കണ്ണനും സുജിത്തും വൈകുന്നേരത്തെ തെണ്ടിത്തിരിയലിന്‌ ആളേക്കൂട്ടാൻ ചാപ്ര കുട്ടന്റെ വീട്ടിലേക്കുള്ള വഴിയിലായിരുന്നു. ദൂരെ നിന്ന് തന്നെ കുട്ടന്റെ വീട്ടിൽ നിറച്ച്‌ ആൾക്കൂട്ടം കണ്ട സുജിത്‌ കണ്ണനോട്‌ പറഞ്ഞു. "ഡേ കണ്ണാ എന്തെരെടാ ഒരാൾക്കൂട്ടം? കുട്ടന്റച്ഛനെങ്ങാനും കാഞ്ഞാ?"


"ഒന്ന് ചുമ്മായിരിടാ, അങ്ങേര്‌ ദാമോദരൻ മാമനെക്കാളും ചെറുപ്പമാ. കൂടിപ്പോയാ ഒരമ്പത്തഞ്ച്‌, അത്രേ വരൂ." കണ്ണൻ കുറച്ച്‌ ദേഷ്യത്തിൽ കടുപ്പിച്ച്‌ പറഞ്ഞു. 


"അതൊക്കെ ശരിയന്നെ. പക്ഷെ എന്തര്‌ വേണേലും എപ്പഴ്‌ വേണേലും പറ്റാലാ. അല്ലേ ചെലപ്പോ സുധാകരനപ്പൂപ്പനായിരിക്കുമോ?" സുജിത്‌ ഏതാണ്ടുറപ്പിച്ച പോലായിരുന്നു.


"മിണ്ടാതെ വാടേ, നോക്കാം." കണ്ണൻ സുജിത്തിന്റെ കൈപിടിച്ച്‌ വലിച്ച്‌ നടന്നു. 


കുട്ടന്റെ വീട്‌ അടുക്കുന്തോറും ആൾക്കൂട്ടം കൂടി വന്നു കൊണ്ടേ ഇരുന്നു. പല ശബ്ദത്തിലുള്ള കരച്ചിലും കേട്ട്‌ തുടങ്ങി. കട്ട കെട്ടിയ മതില്‌ വഴി എത്തി നോക്കിയ കണ്ണൻ‌ വീടിന്റെ വരാന്തയിൽ ഇരുന്നു കരയുന്ന കുട്ടന്റെ അമ്മയേയും , മാവിയേയും കണ്ടു. മുറ്റത്ത്‌  കുട്ടന്റെയച്ഛൻ കസേരയിലിരുന്നു ആരോടോ ഇലക്ഷനെക്കുറിച്ച്‌ സംസാരിക്കുന്നത്‌ കണ്ടു. കണ്ണൻ കണ്ണ്‌ കൊണ്ട്‌ സുജിത്തിനെ വിളിച്ചു കാണിച്ചു അത്‌. തൊട്ടപ്പുറത്ത്‌ കിണറിന്റെ വക്കിൽ ആസനം മുട്ടിച്ചിരിക്കുന്ന സുധാകരനപ്പൂപ്പനേയും കണ്ടു. സുജിത്‌ ആ കാഴ്ച കണ്ണനേയും തോണ്ടിക്കാണിച്ചു. അപ്പോഴാണ്‌ പുളിഞ്ചിക്ക മരത്തിന്റെ ചോട്ടിൽ ആരോടോ എന്തോന്നോ സംസാരിച്ച്‌ നിൽക്കുന്ന കുട്ടനെ അവര്‌ കണ്ടത്‌. 


"ഡേയ്‌ കുട്ടാ, ശ്ശ്‌ .. ഡേയ്‌ ചാപ്രേ .. ചാപ്ര കുട്ടാ.. ഡേയ്‌." കണ്ണന്റെ അവസാനത്തെ ഡേയ്‌ വിളി കുറച്ച്‌ വോള്യം കൂടിയത്‌ കൊണ്ടും, ചാപ്ര എന്നത്‌ കുട്ടന്റെ അച്ഛന്റെ കൂടെ ഇരട്ടപ്പേരായത്‌ കൊണ്ടും കുട്ടന്റെ കൂടെ മൂന്നാലഞ്ചാറ്‌ കണ്ണുകൾ കൂടെ കണ്ണന്റെ ശബ്ദം കേട്ടിടത്തേക്ക്‌ തിരിഞ്ഞ്‌ നോക്കി. കുറച്ച്‌ ചമ്മിപ്പോയ കണ്ണൻ കഷ്ടിച്ച്‌ ചിരിച്ചെന്ന് വരുത്തി കൈ കൊണ്ടാംഗ്യം കാണിച്ച്‌ കുട്ടനോട്‌ മതിലിനരികിലേക്ക്‌ വരാൻ പറഞ്ഞു. 


" എന്താടാ... ആരാടാ വടി ... ആരാ മരിച്ചത്‌?" കണ്ണൻ ചോദിച്ചു. 


കുട്ടൻ കുറച്ച്‌ വിഷമത്തോടെ പറഞ്ഞു. "ഭാസ്കരൻ മാമനാടാ, ഇന്നലെ രാത്രി."


ഇത്‌ കേട്ടതും കണ്ണനും സുജിത്തും ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി.


"ങേ! ഞണ്ട്‌ പാക്കരനോ?" സുജിത്ത്‌ ശബ്ദം വെള്ളിവെട്ടി പോയി. 


"ഉം. തന്നെ. മാമനിന്നലെ ഒരാക്സിഡന്റ്‌ പറ്റി." കുട്ടൻ മുഖം താഴ്ത്തി ശബ്ദമിടറി പറഞ്ഞു. 


"എങ്ങനെ?" സങ്കടം വരുത്താൻ ശ്രമിച്ച്‌ പാളി കൗതുകമായി മാറിയ ചോദ്യം കണ്ണന്റെ വകയായിരുന്നു. 


"ഇന്നലെ രാത്രി മാമൻ ഞങ്ങടെ വീട്ടിലോട്ട്‌ വരുവായിരുന്നു. വരുന്ന വഴിക്ക്‌ ഹബീബിന്റെ ചിക്കൻ ഹൗസീന്ന് രണ്ട്‌ കിലോ ചിക്കനും വാങ്ങിയായിരുന്നു. കൊപ്രമുക്ക്‌ കടക്കാൻ മടിച്ച്‌ മാമൻ വ്ലാങ്കരി തേരി കയറി നടന്ന് വരുവായിരുന്നു. അങ്ങനെ പാവം മാമൻ കിതച്ച്‌ കയറുന്നത്‌ കണ്ടൊരുത്തൻ മാമന്‌ സ്കൂട്ടറിൽ അങ്ങോട്ട്‌ വിളിച്ച്‌ ലിഫ്റ്റ്‌ കൊടുത്തതാ." കുട്ടൻ പറഞ്ഞു നിർത്തും മുൻപ്‌ സുജിത്‌ ഇടക്ക്‌ കയറി, "എന്നിട്ട്‌ അവരാക്സിഡെന്റിൽ പെട്ടോ?"


"ഏയ്‌ , മാമൻ മാത്രമേ പെട്ടുള്ളു." കുട്ടൻ പറഞ്ഞു. 


"അതെങ്ങെനെയെടേയ്‌?" കണ്ണന്റെ കൗതുകത്തിന്‌ ശബ്ദമേറി. 


"അതാ വിധീന്നൊക്കെ പറയണത്‌." കുട്ടൻ വാചാലനായി. "ലിഫ്റ്റ്‌ കൊടുത്തവൻ പൊളപ്പൻ ഫിറ്റ്‌ ആയിരിന്ന്. തേരി കേറി പോണ പോക്കിലവൻ മറിഞ്ഞങ്ങ്‌ വീണ്‌. മാമനാണെങ്കിലാ ആ വെപ്രാളത്തിൽ സ്കൂട്ടറിൽ കയറി പിടിച്ചതാ, ആക്സിലേറ്ററിലായിപ്പോയി പിടുത്തം. ആക്സിലേറ്റർ കൂടി വണ്ടി മോളീന്ന് മാമനേം കൊണ്ട്‌ താഴെ വീണ്‌." 


"അപ്പോ ലവനാ, ആ മറ്റവൻ?" കണ്ണന്‌ പിന്നേം കൗതുകം. 


"അവനൊന്നും പറ്റീല. അടിച്ച്‌ പൂക്കുറ്റിയായിരുന്ന അവനിതൊന്നുമറിയാതെ അവിടുന്നെഴുന്നേറ്റ്‌ നടന്നവന്റെ വീട്ടിപ്പോയി. വണ്ടിയെവിടേന്ന് അവന്റച്ഛൻ ചോയിച്ചപ്പം, ഏതോ ഒരമ്മാവൻ പുറകിക്കേറി അവനെ തള്ളിയിട്ടിട്ട്‌ സ്കൂട്ടർ ഓടിച്ചോണ്ട്‌ പോയെന്നും പറഞ്ഞവൻ കെടന്നൊറങ്ങി. രാവിലെ കെട്ടെറങ്ങിയപ്പോഴാ ഈ തൊന്തരവൊക്കെയവനറിയുന്നത്‌. ബോധം വന്നപ്പോൾ ഇത്രയൊക്കെ ഓർത്ത് അവൻ തന്നെ പറഞ്ഞതാ അവരോട് ഇതൊക്കെ‌. ഇപ്പോ പേടിച്ച്‌ വീട്ടിൽ തന്നിരുപ്പാ." കുട്ടൻ പറഞ്ഞ്‌ നിർത്തി. 


"കഷ്ടമായിപ്പോയി." ചിരിയുടെ  അതിരിലിരിക്കുന്ന വിഷമസ്വരത്തിൽ കണ്ണൻ പറഞ്ഞു. 


"അതൊക്കെ പോട്ടെടേയ്‌, ഓരോരുത്തന്മാരുടെ ഓരോരോ മണ്ടത്തനങ്ങള്‌ കാണുമ്പോഴാ." കുട്ടൻ മുഖത്ത്‌ ഇരച്ച്‌ കയറിയ ദേഷ്യം കഷ്ടപ്പെട്ട്‌ നിയന്ത്രിച്ച്‌ കൊണ്ട്‌ പറഞ്ഞു. "മാമന്റെ കൈയിൽ നിന്നും താഴെ വീണ രണ്ട്‌ കിലോ ചിക്കനും കൂടെ ആ സ്കൂട്ടറ്‌കാരൻ  അവന്റച്ഛന്റെ കൈയിൽ കൊടുത്ത്‌ വിട്ടേക്കണ്‌. അവനിന്നലെ രാത്രീൽ വീട്ടിൽ പോയപ്പോ അവന്റെ കൂടെ സ്കൂട്ടറീന്ന് താഴെപ്പോയ ചിക്കനും കൊണ്ടാ വീട്ടിപ്പോയതെന്ന്." കുട്ടൻ ശബ്ദം വിറച്ച്‌ നിർത്തി. 


പെട്ടെന്നെന്തോ ആവേശം കയറിയ പോലെ സുജിത്‌ കുട്ടനേയും, കുട്ടന്റെ വീട്ടിലെ അടുക്കളയിലോട്ടും നോക്കി, 

"ഹോ! ഇന്നപ്പ ഉച്ചക്ക്‌ ചിക്കനാ അല്ലേടേയ്‌ നിനക്ക്‌. കോളടിച്ചല്ലോ ചാപ്രേ. കറിയാണാ, പൊരിച്ചാണാ?" 

കുറച്ചധികം അത്ഭുതം കയറിയപ്പോയ വാക്കുകൾ അറിയാതെ വായിൽ നിന്ന് വീണ സുജിത്തിന്റെ ചുറ്റിലേക്കും ഞണ്ട്‌ പാക്കരന്റെ‌ മസിൽ മക്കൾ കോട്ട തീർക്കുന്നത്‌ കണ്ട്‌ സുകുമാരന്റെ വേലി ചാടി സുമംഗലി അക്കേടെ പറമ്പ്‌ വഴി ഓടിമാഞ്ഞ കണ്ണനെ ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടാരാരും കണ്ടിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്‌. 


Wednesday, February 14, 2024

ഹാപ്പി വാലന്റൈൻസ്‌ ഡേ റ്റു ആൾ


കവലയിലേക്ക്‌ ഒന്ന് ഇറങ്ങി സതീശൻ ചുള്ളാടിന്റെ കടേന്ന് ഒരു ചായ കുടിച്ചേക്കാം എന്ന് കരുതി ഇറങ്ങിയതാ വെളുപ്പാൻ കാലത്തേ. അതൊരു ശീലമാണ്‌, വീട്ടിൽ നിന്ന് കുടിക്കും മുൻപേ ഒരു കടച്ചായ. അതാ ഭാര്യയെപ്പോലും എഴുന്നേൽപ്പിക്കാതെ രാവിലെ തന്നെ ഇങ്ങോട്ട്‌ ചാടിയത്‌. "ചുള്ളേട്ടാ ... ഒരു ഫുൾ ചായ." വെളിയിലെ ബെഞ്ചിലിരുന്ന് അകത്തേക്ക്‌ നോക്കി ഓർഡർ കൊടുത്തു. അകത്തൂന്ന് ഒരു "ഓ ശരി" പറന്ന് വന്ന് എന്റെ ഇടത്തേ ചെവിയിൽ കയറി. 


പഞ്ചാരക്കുപ്പിയിൽ പഞ്ചാര അടിച്ചോണ്ടിരുന്ന കുറ്റത്തിന്‌ ഒരു യുവ കട്ടുറുമ്പിനെ സതീഷേട്ടൻ ചായയിൽ തള്ളിയിട്ട്‌ കൊല്ലാൻ ശ്രമിക്കുകയും, ആ കട്ടുറുമ്പനെ എനിക്ക്‌ കിട്ടിയ മീഡിയം മധുരച്ചായയിൽ കാണുകയും, പാവം ഉറുമ്പ് പയ്യനെ ചായയിൽ നിന്നും ചൂണ്ട്‌ വിരലിട്ട്‌ കൊടുത്ത്‌ ഞാൻ രക്ഷപെടുത്തുകയും ചെയ്തു. രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിൽ ചായ ഒന്ന് കുടിച്ച്‌ തുടങ്ങിയപ്പോഴാണ്‌ വഴിയിൽക്കൂടെ  റോസാപ്പൂവും ഡയറി മിൽക്കുമൊക്കെ വാങ്ങി പോകുന്ന യുവ കോമള-കോമളത്തികളെ കണ്ടത്‌. 


‌'ഓഹ്‌! ഇന്ന് വാലന്റൈൻസ്‌ ഡേ ആണല്ലോ എന്ന്' അപ്പോഴാ ഓർത്തത്‌. 'ശ്ശെടാ, മറന്നു പോയല്ലോ. ഭാര്യയയേ വിഷീലല്ലോ, ഇനീപ്പം ചായ കുടിച്ചിട്ട്‌ പോയി വിഷ്ഷാം' എന്ന് മനസിൽ കരുതുകയും ചെയ്ത്‌ കൊണ്ടിരുന്നപ്പോഴാണ്‌ ഫാസ്റ്റ്‌ പാസഞ്ചറ്‌ പോലൊരുത്തൻ ഒറ്റക്കാലിൽ ചെരുപ്പുമിട്ട്‌ ബെൻ ജോൺസണെ തോൽപ്പിക്കുന്ന സ്പീഡിൽ ഓടി വരുന്നത്‌ കണ്ടത്‌. 'ശ്‌ര്റന്ന്' വരുന്നത്‌ മാത്രം കണ്ടു, പിന്നെ കാണുന്നത്‌ മിന്നൽമുരളിയെ തോൽപ്പിക്കുന്ന വേഗത്തിൽ ചായക്കടയുടെ മുന്നിലൂടെ ഓടി പാലത്തിന്റെ വക്ക്‌ വഴി ഒരു മിന്നായമായി പോകുന്നതാണ്‌. അവൻ ഓടിപ്പോയ വേഗത്തിൽ സതീഷേട്ടന്റെ ചെറിയ ചായക്കട കിടുങ്ങി, പിന്നെ കുലുങ്ങി, ക്ലാവ്‌ പിടിച്ച്‌ വീഴാറായിരുന്ന ഒരു ഓട്‌ കുലുങ്ങി ഇളകി എന്റെ കാലിന്‌ മുൻപിലേക്ക്‌ വീണ്‌ പൊട്ടിച്ചിതറി. 


"ഹൗ! ഞാൻ പേടിച്ച്‌ ചാടി എഴുന്നേറ്റു. കൈയിലെ ചായ തുളുമ്പിച്ചാടി എന്റെ കാലിനടീൽ പമ്മി ഇരുന്ന ലൂസിപ്പൂച്ചയുടെ ദേഹത്ത്‌ വീണു. 'ന്റെമ്യാവോ....'ന്നും പറഞ്ഞ്‌ പൂച്ച അടുത്ത പറമ്പിലേക്കോടി. ആ ഘട്ടത്തിൽ അവിടെ കൂടിയ ചായ കുടിയന്മാരെല്ലാം സ്പ്രിങ്‌ തെറിക്കും പോലെ ഒന്നടങ്കം ചാടി എഴുന്നേറ്റു. അടുക്കളേന്ന് സതീഷേട്ടൻ 'ഹെന്താ...'ന്നും ചോദിച്ച്‌ ഓതിരം കടകം മറിഞ്ഞ്‌ ഒറ്റടിക്ക്‌ കടമുറ്റത്തെത്തി. അപ്പോഴാണ്‌ ഞങ്ങൾ പത്ത്‌ മുപ്പത്‌ ചക്ക കെട്ടി വച്ച ചാക്ക്‌ പോലൊരു മനുഷ്യൻ ഉരുണ്ടുരുണ്ട്‌ മുന്നേ പോയ ആ പയ്യന്റെ പുറകേ കിതച്ച്‌ കിതച്ച്‌ ഓടി വരുന്നത്‌‌ കണ്ടത്‌. ആർക്കുമൊന്നും മനസിലായില്ല. ആ ചാക്ക്‌ കെട്ട്‌ അങ്ങനെ തന്നെ ഉരുണ്ടുരുണ്ട്‌ ചായക്കടയിലെ ബെഞ്ചിൽ വന്ന് വീണു. 


"വെളള... വെ..ള്ളം .." കൈ കൊണ്ട്‌ ആംഗ്യം കാണിച്ചയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു. കാര്യമെന്താന്ന് അയാളോട്‌ ചോദിച്ചിട്ട്‌ ആ പാവം മനുഷ്യന്റെ വായിൽ നിന്ന് പതയും നുരയും അല്ലാതെ തൽക്കാലം വേറൊന്നും വരില്ല എന്ന് ഞങ്ങൾക്ക്‌ മനസിലായി. അന്ധാളിച്ച് ചുറ്റും കൂടിയ അടുത്തേക്ക്‌ വേറൊരു മനുഷ്യനും ഓടി എത്തി. 

വന്ന ഉടനെ അയാൾ "ചേട്ടാ, ഭാസ്കരൻ ചേട്ടാ .. " എന്ന് വീണ്‌ കിടന്ന് വെള്ളം കുടിക്കുന്ന ചാക്കേട്ടനെ വിളിക്കുന്നത്‌ കണ്ടപ്പോൾ വീണ്‌ കിടക്കുന്നുന്നത്‌ ഏതോ ഭാസ്കരനാണ്‌ എന്ന് എനിക്കും മറ്റ്‌ പലർക്കും മനസിലായി.  കാര്യമറിയാനുള്ള ചോദ്യശരങ്ങൾ തന്റെ നേർക്കാണെന്ന് മനസിലാക്കിയ ആ മൂന്നാം ഓട്ടക്കാരൻ ഉത്തരത്തിന്റെ വല്യ പരിച ഉടനടി  എടുത്ത്‌ തടുത്ത്‌ പറഞ്ഞു. 

"ദാ ആ ഓടി പോയവനാണ്‌ പോപ്പി. അവനെ പിടിക്കാനാ ചേട്ടൻ ഓടിയത്‌. വയ്യാത്ത ആളാണ്‌, ഓടണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അതാ ഞാൻ പുറകേ ഓടി വന്നത്‌." 

കൗതുകം താങ്ങാനാകാതെ , "കള്ളനാണോ അവൻ?" എന്ന് ഞാനും മറ്റ്‌ രണ്ട്‌ പേരും കൂടെ ഒന്നിച്ച്‌ ചോദിച്ചു. 

"അങ്ങനെ ചോദിച്ചാൽ..." അയാൾ ഒരു അർദ്ധവിരാമം ഇട്ടു. പിന്നെ ഒന്നും കൂടെ വീണ്‌ കിടക്കുന്നയാൾക്ക്‌ ബോധം അത്ര വന്നിട്ടില്ല എന്നുറപ്പിച്ച്‌ ശബ്ദം താഴ്ത്തി രഹസ്യം പോലെ ഞങ്ങളോട്‌ പറഞ്ഞു. 

"അവൻ ഇന്നലെ രാത്രി ചേട്ടന്റെ വീട്ടിൽ കയറി. രാത്രി ഒരു പന്ത്രണ്ടര ആകുമ്പോൾ ചേട്ടൻ പുരക്ക്‌ വെളിലിറങ്ങാറുണ്ട്‌ എന്നും. വെറുതെ ഒന്ന് മൂത്രമൊഴിക്കാൻ" 


"വെറുതെ അങ്ങനെ മൂത്രമൊഴിക്കാൻ ഒക്കെ പറ്റുമോ?" കൗതുകം കൂടിയ മറ്റൊരുവന്റെ ചോദ്യം. 


"ഏയ്‌, അങ്ങനല്ല, ചേട്ടന്റെ ശീലമാ അത്‌. കുഞ്ഞും നാളിലേ ഒള്ളതാ. നിങ്ങൾ ഇത്‌ കേൾക്ക്‌" തന്റെ സംഭാഷണം ആവശ്യമില്ലാതെ പകുതിക്ക്‌ മുറിപ്പിച്ചവനെ രൂക്ഷമായി നോക്കി ഓട്ടക്കാരൻ മുരണ്ടു. "അങ്ങനെ ചേട്ടൻ മൂത്രമൊഴിക്കാൻ വെളിക്കിറങ്ങുമ്പോൾ ..." കൗതുകക്കാരൻ 'അതെങ്ങനെ..?' എന്ന് ചോദിച്ച്‌ വന്നപ്പോഴേക്കും ഓട്ടക്കാരൻ കണ്ണുരുട്ടി, "വെളിയിലേക്കിറങ്ങുമ്പോൾ, വീടിന്റെ വെളിയോട്ടിറങ്ങുമ്പോൾ" എന്ന് കടുപ്പിച്ച്‌ പറഞ്ഞിട്ട്‌ തുടർന്നു; 

"ദോ ഒരുത്തൻ അവിടൊളിച്ചിരിക്കുന്നു. റ്റോർച്ച്‌ വെളിച്ചം മുഖത്തടിപ്പിച്ചപ്പോൾ അവൻ ഓടിക്കളഞ്ഞു." 


"അല്ലാ.. ഒരു സംശയം", കൗതുകക്കാരന്റെ കൗതുകം നുരഞ്ഞു പൊന്തി.


"എന്താ" കൗതുകകുതൂഹലനെ ഒട്ടും ഇഷ്ടപ്പെടാത്ത ഓട്ടക്കാരൻ പുരികം വളച്ച്‌ ചോദിച്ചു. 


"രാത്രി ഓടിത്തുടങ്ങിയ നിങ്ങൾ രാവിലെ വരെ ഓടുവായിരുന്നോ, അതും ഇങ്ങേരീ ചീക്കത്തടിയും വച്ച്‌? പിന്നെ ഇവനാണ്‌ അവിടെ വന്നത്‌ എന്നും എങ്ങനറിയാം? അവന്റെ മുഖം നിങ്ങളൊന്നും കണ്ടില്ലല്ലോ!"


"ഏയ്‌ അല്ലല്ലല്ല.. അവനെ ദേ ആ സ്കൂളിന്റെ മുന്നിൽ വച്ചിപ്പോ കണ്ടതെ ഒള്ള്‌ ഞാൻ ചേട്ടനും. അവനെ കണ്ടതും ചേട്ടൻ അവന്റെ പൊറകെ 'നിൽക്കടാ...'ന്നും പറഞ്ഞൊറ്റയോട്ടമായിരുന്നു." 


"എന്നാലും..." കൗതുകൻ അടുത്ത ചോദ്യവുമായി ഹാജരായി. " ഇവനാണെന്ന് എങ്ങനെ മനസിലായി? ഇവനെ നിങ്ങളൊന്നും കണ്ടില്ലല്ലോ രാത്രിയിൽ?"


"ഇല്ല കണ്ടില്ല. പക്ഷെ ഈ മണ്ടൻ കൊണാപ്പി ചെയ്തത്‌ എന്താന്ന് നിങ്ങൾക്കറിയാമോ?"


"ഇല്ലല്ലോ"..ന്ന് ഒന്നിച്ച് എല്ലാവരും‌ കോറസി.


"ഈ പൊട്ടൻ ഇന്നലെ രാത്രി തന്നെ ചേട്ടന്റെ വീട്ടിന്റെ ഫോട്ടോയുമിട്ട്‌ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റിയേക്കുന്നു!" 


"എന്ത്‌ പോസ്റ്റി?" കണ്ണുകൾ തള്ളി ഞങ്ങൾ വീണ്ടും കോറസ്‌.


" 'സൂപ്പർ നൈറ്റ്! ചില്ലിംഗ്‌ വിത്ത്‌ ദേവി ബി. അറ്റ്‌ ഭാസ്കർ ഭവൻ. ഹാപ്പി വാലന്റൈൻസ്‌ ഡേ റ്റു ആൾ' എന്ന്. കൂടാതെ അവളെ ടാഗും ചെയ്തിട്ടുണ്ട്‌." ഞങ്ങളുടെ അടുത്ത വരാവുന്ന ചോദ്യത്തെ മുന്നേ തടഞ്ഞ്‌ ഓട്ടക്കാരൻ പറഞ്ഞു "ദേവി ‌ ഭാസ്കരേട്ടന്റെ രണ്ടാമത്തെ മോളാ‌."


കണ്ണ്‌ തുറന്ന് വന്ന ഭാസ്കരേട്ടൻ "ദേവീ"ന്നും വിളിച്ച്‌ ബെഞ്ചിൽ നിന്നും ഉരുണ്ടടിച്ച്‌ 'പ്ദ്ധും'ന്ന് താഴേക്ക്‌ വീണു. 

Tuesday, October 24, 2023

തിറവുകോൽ


കട പൂട്ടി താക്കോൽ കീശയിലിട്ട്‌ വെളിയിലേക്ക്‌ ഇറങ്ങിയ വഴിക്കാണ്‌ മനു എതിരെ വരുന്നത്‌ ബിജുകുമാർ കാണുന്നത്‌. 

"ദൈവമേ ഇവൻ ഇവന്റെ വീടിന്റെ താക്കോലിന്റെ  കാര്യം ചോദിക്കുമല്ലോ?" എന്ന് ബിജു മനസ്സിൽ ആലോചിച്ചു‌ പേടിച്ചു.  "അവന്റെ കണ്ണിൽ പെടാതെ പോകാനും ഇനി പറ്റില്ല. എന്തായാലും ചിരിച്ചേക്കാം" എന്ന് ആലോചിച്ച്‌  ബിജു ചുണ്ടിന്റെ അറ്റത്തുള്ള ബീഡി കളഞ്ഞ്‌ ഒരു ചിരി ഒട്ടിച്ച്‌ വച്ചു. ബീഡിയുടെ മണത്തിൽ ആ ചിരി കഷ്ടിച്ച്‌ ബിജുവിന്റെ ചുണ്ടിൽ ഒട്ടിപ്പിടിച്ച്‌ ഇരുന്നു. 


"അയ്യോ ബിജു അണ്ണൻ പോകുവാണോ? ഞാൻ അങ്ങോട്ട്‌ വരുവായിരുന്നു. താക്കോലെടുക്കാൻ." സച്ചിൻ കുറച്ച്‌ നിരാശയോടെ പറഞ്ഞു. 


"അയ്യോടാ, ദേ ഇത്രേം നേരം ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു. ഇപ്പോ അങ്ങോട്ടിറിങ്ങിയതേ ഉള്ളു. പട്ടൂരാൻ വിളിച്ചു,  അങ്ങേരുടെ വീട്ടീലെന്തോ അത്യാവശ്യമായി ചെയ്യാനുണ്ടെന്ന് പറഞ്ഞു. ഭയങ്കര അത്യാവശ്യം എന്തെങ്കിലുമാകും, അല്ലേലവൻ വിളിക്കത്തില്ല. ഞാൻ ദേ പോയി ദാ വന്ന്. നീ ഒരു 2 മണിക്കൂർ കഴിഞ്ഞ്‌ വന്നോ". പകുതി ആശ്വാസത്തോടെ ബിജു മനുവിനോട്‌ പറഞ്ഞു. 


താക്കോലിന്റെ കഥ :


സച്ചിൻ എന്ന മനുവിന്റെ വീട്ടിൽ കുറച്ച്‌ നാൾ മുൻപൊരു കള്ളൻ കയറി. ഒരും പെരും തസ്കരൻ. എന്ന് വെച്ചാൽ ഒരു കിടിലം കറ കളഞ്ഞ, മോഷണം രാകി മിനുക്കിയ ഒരു കള്ളൻ. ഒരു ഇല പോലും അനക്കാതെ ആ ചോരൻ വീടിന്റെ മുകളിലേക്ക്‌ ചാഞ്ഞ്‌ കിടന്ന ഒരു മുത്തച്ഛൻ മാവിൽ കയറി വീടിന്റെ പഴയ ഓടിളക്കി ഒരു പല്ലിയേപോലെ അകത്തിറങ്ങി. ഒരു മനുഷ്യക്കുഞ്ഞു പോലും അറിയാതെ അകത്തുള്ള അലമാരകളും മേശവലിപ്പുമൊക്കെ തുറന്ന് തനിക്കാവശ്യമുള്ള പണവും സ്വർണ്ണവുമൊക്കെ തേടി. ജാനുമുത്തശ്ശിയുടെ അരിപ്പെട്ടിയും മനൂന്റെ അമ്മയുടെ പലഹാരപ്പാട്ടയും വരെ തിരഞ്ഞെങ്കിലും കാലിക്കൈയോടെ തന്റെ തസ്കരദൗത്യം പൂർത്തിയാക്കാനായിരുന്നു അന്ന് അവന്റെ യോഗം. ഇതിൽ നിരാശനായി അരിശം കയറിയ കള്ളൻ അവിടെ മുഴുവൻ തിരഞ്ഞ്‌ കൈയിൽ കിട്ടിയ എല്ലാ താക്കോലുകളുമെടുത്ത്‌ വീടു മുഴുവൻ പൂട്ടി  അവിടുന്ന് പോയി. രാവിലെ എഴുനേറ്റ്‌ വന്ന മനൂന്റെ അമ്മക്ക്‌ അച്ഛന്‌ കട്ടൻ ചായ ഇട്ട്‌ കൊടുക്കാൻ പോലും കഴിഞ്ഞില്ല. അടുക്കളയുടെ താക്കോൽ, ചായ്പ്പിലേക്കിറങ്ങുന്ന വാതിലിന്റെ താക്കോൽ, മുൻ വാതിലിന്റെ, പിൻ വാതിലിന്റെ എന്ന് വേണ്ടാ ഡോളിപ്പട്ടിയുടെ കൂടിന്റെ താക്കോല്‌ വരെ വന്ന കള്ളച്ചാര്‌ അടിച്ചോണ്ട്‌ പോയി. വീട്ടുകാർ അടുക്കളവാതിൽ പൊളിച്ചാണ്‌ വെളിയിലേക്ക്‌ ഇറങ്ങിയത്‌ തന്നെ. വീട്‌ പുതുക്കിയപ്പോൾ കുളിമുറിക്ക്‌ വരെ പൂട്ട്‌ വപ്പിച്ച മനൂന്റെ അച്ഛനെ അമ്മ‌ കുത്തിപ്പറഞ്ഞ്‌ തുടങ്ങി അന്ന് തൊട്ട്‌. എന്നാൽ മനൂന്റച്ഛൻ അത്‌ കേൾക്കാത്തത്‌ പോലെ "എന്തോന്ന് കള്ളനടേയ്‌ ഇത്‌" എന്ന് വീണ്ടും വീണ്ടും കുണ്ട്ഠിതപ്പെട്ട്‌‌ കൊണ്ടേ ഇരുന്നു. 


ബാക്കിയുള്ള മുറികളുടെ വാതിലൊക്കെ പൊളിച്ച്‌ പൂട്ട്‌ മാറ്റി വച്ചെങ്കിലും വീടിന്റെ മുൻ വാതിലിന്റെ പൂട്ട്‌ മാത്രം പൊളിക്കാൻ മനൂന്റച്ഛൻ സമ്മതിച്ചില്ല. അത്‌ അച്ഛന്റെ മുത്തച്ഛൻ പണ്ട്‌ വടക്കേ ഇന്ത്യയിൽ നിന്നെങ്ങാണ്ടോ കൊണ്ട്‌ വന്ന ഒരും താഴും താക്കോലുമാണ്‌. കുഞ്ഞുന്നാളിൽ ആ താഴിന്റെ ഭംഗിയെക്കുറിച്ച്‌ തന്റെ കൂട്ടുകാരോട്‌ ഒത്തിരി വീമ്പ്‌ പറഞ്ഞിട്ടുണ്ട്‌ അദ്ദേഹം. അത്‌ ഒരു രാജകൊട്ടാരത്തിന്റെ താഴായിരുന്നു എന്നോ മറ്റോ ആണ്‌ മുത്തച്ഛൻ മനൂന്റച്ഛനോട്‌ പറഞ്ഞിരുന്നത്‌. ഒരു വടക്കേ ഇന്ത്യൻ രാജാവ്‌ സമ്മാനിച്ചതാണത്രേ അത്‌. അതിനോട്‌ ഒരു പ്രത്യേക ഇഷ്ടവും ആരാധനയും അദ്ദേഹത്തിനുമുണ്ട്‌. അത്‌ കൊണ്ട്‌ അന്ന് തന്നെ ബിജു കുമാറിനെ ചട്ടം കെട്ടിയതാണ്‌ ആ താഴിനുള്ള താക്കോലുണ്ടാക്കാൻ. 


ബിജു കുമാർ


നാട്ടിലെ ആകെയുള്ളൊരു കീ ഡുപ്ലിക്കേഷൻ ആന്റ്‌ ലാമിനേറ്റിംഗ്‌ സർവ്വീസ്‌ കട ബിജുവിന്റേതാണ്‌. കുറച്ച്‌ കൊല്ലപ്പണി കൂടെ അറിയാവുന്നതിനാൽ താക്കോലൊക്കെ ഉണ്ടാക്കി എടുക്കുന്നതിൽ മിടുമിടുക്കൻ. സൽസ്വഭാവി, കാര്യപ്രാപ്തൻ, നല്ല അധ്വാനശീലനും. അത്‌ കൊണ്ട്‌ സച്ചിന്റച്ഛന്റെ ആവശ്യം കേട്ടപ്പോൾ തന്നെ ഡബിൾ യെസ്‌ മൂളി. ഒരു യെസ്‌ താക്കോലുണ്ടാക്കാനും മറ്റേ യെസ്‌ തന്റെ കാര്യപ്രാപ്തി എല്ലാവർക്കും ഒന്നും കൂടെ മനസിലാക്കിപ്പിച്ചുറപ്പിക്കാനും. 


പക്ഷെ


പക്ഷെ പണി വിചാരിചത്‌ പോലെ എളുപ്പമല്ലായിരുന്നു. താഴിന്റെ കിഴുത്തയിൽ മുദ്ര പതിയാത്ത താക്കോൽ കയറ്റി തിരിച്ച്‌ മാർക്കുകളിട്ട്‌, പിന്നെയും പിന്നെയും തിരിച്ച്‌ അതിന്റെ രേഖ വച്ച്‌ വേണം പുതിയ താക്കോലുണ്ടാക്കാൻ. ബിജു എത്ര ശ്രമിച്ചിട്ടും താഴ്‌ വഴങ്ങിക്കൊടുത്തില്ല. തനിക്ക്‌ കഴിയില്ല എന്ന് ഏറ്റ്‌ പറയാനുള്ള ചങ്കൂറ്റമില്ലായ്മയും  നാണക്കേടുമോർത്ത്‌ ബിജു അതൊട്ട്‌ അവരോട്‌ പറഞ്ഞുമില്ല. അന്ന് തൊട്ട്‌ തുടങ്ങിയതാണ് ഈ ഒളിച്ചു കളി. 


"ചേട്ടാ പോയിട്ട്‌ വരുമോ? ഞാൻ ഇരിക്കണോ?" എന്ന് സച്ചിൻ ചോദിക്കുമ്പോഴേക്കും ബിജു അമ്പാന്റെ കടയും കടന്ന് പുഴക്കരികെ എത്തിയിരുന്നു. 


തീർപ്പ്‌


കുഞ്ഞുക്കുട്ടന്റെ വള്ളത്തിലിരുന്നപ്പോൾ തനിക്ക്‌ കഴിയാതെ പോയ, തന്റെ ജീവിതത്തിലെ ആദ്യ പരാജയമായ താക്കോലദ്ധ്യായം ഓർത്ത്‌ ഓർത്ത്‌ വിഷമിച്ചു ബിജുകുമാർ. തന്റെ എതിരെ ഇരുന്ന കിറുക്കൻ കുട്ടപ്പനെ നോക്കിച്ചിരിച്ചെങ്കിലും ബിജുവിന്റെ ചിന്ത ആ താഴിനെക്കുറിച്ച്‌ തന്നെയായിരുന്നു, തന്റെ ആദ്യത്തെ തോൽവിയെക്കുറിച്ചായിരുന്നു. കിറുക്കൻ കുട്ടപ്പൻ ബിജുവിനെ നോക്കി തന്റെ കറുത്ത പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നെങ്കിലും ബിജു അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. "കൊണ്ട്‌ പോ, കൊണ്ട്‌ പോ... പെട്ടന്ന് കൊണ്ട്‌ പോ" കുട്ടപ്പൻ പറഞ്ഞു. തന്റെ കൈയിലുണ്ടായിരുന്ന ആരോ കൊടുത്ത വടയുടെ പാതിയും കടിച്ച ഒരു മാങ്ങാപ്പഴവും കുട്ടപ്പൻ ബിജുവിന്‌ നേരേ നീട്ടി. അവജ്ഞയോടെ ബിജു "ചുമ്മാതിരിയെടാ കുട്ടപ്പാ" എന്ന് പറഞ്ഞ്‌ കുട്ടപ്പന്റെ കൈ തട്ടിമാറ്റി. പിന്നീട്‌‌ കിറുക്കൻ കുട്ടപ്പൻ ബിജുകുമാറിനോട്‌ ഒന്നും മിണ്ടിയില്ല. വള്ളം അക്കരെ അടുക്കും വരെ ആകെ മൂകശോകമായിട്ടായിരുന്നു രണ്ട്‌ പേരും ഇരുന്നത്‌. വള്ളക്കാരൻ കുഞ്ഞുക്കുട്ടൻ മാത്രം 'വെള്ളിച്ചില്ലും വിതറി' എന്ന പാട്ട്‌ അതിന്റെ ഏതോ ഒരു പ്രാകൃത രൂപത്തിൽ മൂളിക്കൊണ്ടിരുന്നു. 


വള്ളം അക്കരെ അടുത്തു. കിറുക്കൻ കുട്ടപ്പൻ ഒറ്റച്ചാട്ടത്തിന്‌ വള്ളത്തിൽ നിന്ന് ചാടിയിറങ്ങി. അവനും ഏതോ പാട്ട്‌ പാടിത്തുടങ്ങിയിരുന്നു. ഇറങ്ങിയ ഉടൻ കുട്ടപ്പൻ ബിജുകുമാറിനെ തിരിഞ്ഞ്‌ നോക്കിയിട്ട്‌ തന്റെ കൈ നീട്ടി ബിജുവിനെ കരയിലേക്കിറങ്ങാൻ സഹായിക്കാൻ ശ്രമിച്ചു. 'വേണ്ട' എന്ന് പറഞ്ഞ്‌ കൈ തട്ടിയ ബിജുവിന്റെ കൈയിൽ ദേഷ്യത്തോടെ കടന്ന് പിടിച്ചിട്ട്‌ കിറുക്കൻ ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുത്തു. അവന്റെ കരുത്തുറ്റ പിടിയിൽ ഞെരിഞ്ഞ്‌ പോയ തന്റെ കൈ 'ഹൗ' എന്ന് പറഞ്ഞ്‌ ബിജുകുമാർ വലിച്ചു. കിറുക്കൻ കുട്ടപ്പൻ അമർത്തിയടപ്പിച്ച തന്റെ വിരലുകൾ തുറന്ന് നോക്കിയ ബിജുകുമാർ അന്ധാളിച്ച് പോയി. തുറന്ന കൈയിൽ ഒരു പഴയ താക്കോൽ, വളരെ പഴക്കം ചെന്ന ഒരു തക്കോൽ. കിറുക്കൻ കുട്ടപ്പൻ പാടുന്ന പാട്ട്‌ അന്തം വിട്ടിരുന്ന ബിജുകുമാർ അപ്പോൾ നല്ല വ്യക്തമായി കേട്ടു 

"മായാജാലക വാതിൽ 

തുറക്കും മധുരസ്മരണകളേ..." 

കുട്ടപ്പന്റെ രൂപം അകന്നകന്ന് പോകുന്നതിനൊപ്പം പാട്ടും‌ പയ്യെപ്പയ്യെ നേർത്ത്‌ അവസാനിച്ചു. 


Saturday, July 31, 2021

തിരികെ പോകുമ്പോൾ

ശരത്‌കവിത അതായിരുന്നു അവരുടെ പേരുകൾവർഷങ്ങൾക്ക്‌ ശേഷമുള്ള കണ്ട്‌ മുട്ടലിൽ അവന്റെ അഭ്യർത്ഥന അവളോടൊത്ത്‌ ഒരു ദിവസം ചിലവഴിക്കണമെന്നതായിരുന്നുകാണാതിരുന്നതിന്റെ വെമ്പലും സ്നേഹത്തിന്റെ ഉന്മാദവും അവനിൽ ഉറഞ്ഞുകൂടിയപ്പോൾ അവനു തന്റെയീ ആഗ്രഹത്തെ അവതരിപ്പിക്കാനാകാതിരുന്നില്ലഒരിക്കൽ തന്റെ എല്ലാ സ്വപ്നങ്ങളെയും നിറച്ചവളോട്‌അവന്റെ ഇഷ്ടത്തെ ഒരിക്കലെങ്കിലും മാനിക്കാമെന്ന് അവളും കരുതിഇഷ്ടത്തിന്‌ മുന്നിൽ തെറ്റുകളും ശരികളുമില്ലെന്ന് ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ടവൾക്കും ബോധ്യമായിരുന്നു


ടിക്കറ്റ്‌ എടുത്ത്‌ ഏറ്റവുമടുത്തുള്ള ഒരു ബീച്ചിലേക്കുള്ള ബസിൽ അവർ വർഷങ്ങൾക്ക്‌ ശേഷം അടുത്തിരുന്നുപണ്ട്‌ ട്രെയിനിൽ അടുത്തിരുന്ന് പോയിരുന്നപ്പോൾ മനസില്ലുണ്ടായ വികാരമെന്തെന്ന് ഒരു നിമിഷം അവനാലോചിച്ചുഅവളുടെ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ അവളും അത്‌ തന്നെയായിരിക്കും ആലോചിക്കുന്നതെന്ന് അവളുടെ കരിമഷി എഴുതിയ കണ്ണുകൾ പറഞ്ഞുകരിമഷി എഴുതി എഴുതി അവളുടെ കണ്ണുകൾക്ക്‌ ഇപ്പോൾ മഷി എഴുതേണ്ട ആവശ്യമേ ഇല്ല എന്നവന്‌ തോന്നിഒരു നിമിഷം തമ്മിലുടക്കിയ കണ്ണുകൾ ഏതോ കുറ്റബോധത്തിന്റെ തോന്നലിൽ അവൻ പിൻ വലിച്ചു


വഴികൾ വലുതായൊന്നും മാറിയിട്ടുണ്ടായിരുന്നില്ലകുറച്ച്‌ വലിയ കടകളും കോമ്പ്ലക്സുകളും വന്നതൊഴിച്ചാൽ അവർ പോകുന്ന വഴി വർഷങ്ങൾക്ക്‌ മുൻപുള്ളത്‌‌ പോലെ തന്നെഅവർക്കിടയിൽ സമയം  നിശബ്ദതയുടെ അകലം കൂട്ടാൻ തുടങ്ങിയപ്പോൾ എന്തെങ്കിലും ചോദിക്കാൻ വേണ്ടി ശരത്‌ ചോദിച്ചു: 

"പഴയ സുഹൃത്തുക്കളെ വല്ലതും കണ്ടിരുന്നോ?"


"ഇല്ലകവിത പറഞ്ഞു; " ഇടക്ക്‌ നിമിഷയെ കണ്ടിരുന്നുഒരു കല്യാണത്തിന്‌"


ആരാണ്‌ നിമിഷ എന്നവന്‌ ചോദിക്കണമെന്നുണ്ടായിരുന്നുപക്ഷെ വെറും ഒരു തലകുലുക്കലിൽ അവൻ അതിനുള്ള മറുപടി മുഴുമിപ്പിച്ചു


പിന്നെയും ശബ്ദമില്ലായ്മയുടെ വലിയൊരിടവേള അവർക്കിടയിൽ വളർന്ന് കൊണ്ടിരുന്നുതികച്ചും അപരിചിതരായ രണ്ട്‌ പേരേക്കാളും അപരിചിതരെപ്പോലെയായി അന്നേരം അവർ


വഴി പകുതിയോളം പിന്നിട്ടിരുന്നു ബസ്‌കുഴികളിൽ വീണുലയുന്ന ബസിൽ അവൻ അവളെ തട്ടാതെ ഇരിക്കാൻ വളരെ ശ്രദ്ധിച്ചുഇത്തവണ ചോദ്യത്തിന്റെ ഊഴം കവിതയുടേതായിരുന്നു

"മോനിപ്പോൾ?"


"രണ്ടിലാണ്‌മകൾ കെ ജിയിൽനാട്ടിലുണ്ട്‌ഇപ്പോ വെക്കേഷനല്ലേ"


"അത്‌ ശരിഅധികം നീട്ടാതെ അവൾ നിർത്തി


കടൽ അടുത്തെത്തി എന്ന് സൂചിപ്പിച്ച്‌ ഒരു തണുത്ത കാറ്റ്‌ തുറന്നിട്ട ബസിന്റെ ജനാലയിൽ കൂടെ അവരെ തൊട്ട്‌പോയിതണുപ്പ്‌ അടിച്ചപ്പോൾ അവൻ ആകാശത്തേക്ക്‌ നോക്കിമേഘം ഇരുണ്ടിരിക്കുന്നു


"മഴ പെയ്തേക്കുംഅവൻ പറഞ്ഞു


"മഴ റൊമാന്റിക്കല്ലേപെയ്യട്ടേഅവൾ ചെറുചിരിയോടെ പറഞ്ഞു


--------

'നിന്റെ നീലമിഴിക്കടലിൽ വീണലിയാൻ 

ഒരു മഴത്തുള്ളിയാകും ഞാൻ'


'അയ്യേഎന്റെ കറുത്ത കണ്ണുകളാവേണമെങ്കിൽ ഡാർക്‌ ബ്രൗൺ എന്ന് പറഞ്ഞോ'


'ശേ നശിപ്പിച്ച്‌മനുഷ്യനെ റൊമാന്റിക്കാകാനും സമ്മതിക്കില്ലമഴയും കടലുമൊക്കെ റൊമാന്റിക്കാടീ വിവരമില്ലാത്തവളേ'


'എനിക്കത്ര റൊമാന്റിക്‌ ഒന്നുമാകണ്ട ട്ടാ'

--------


മനസ്സിൽ ഓർമകൾ പെട്ടന്ന് വന്ന് നിറഞ്ഞത്‌ പോലെഅവന്റെ മനസിൽ മഴ പെയ്യാനായി ഇരമ്പുന്നത്‌ അവൻകേട്ടു.അത്‌ തന്റെ ആഗ്രഹങ്ങളുടെ പെരുമഴയാണെന്ന് അവൻ അറിഞ്ഞു


ബസ്‌ ഒരു ഞരങ്ങലോടെ നിന്നുജനാല വഴി അവൻ എത്തി നോക്കിയപ്പോൾ അവൾ പറഞ്ഞു "എത്തി". 


റോഡ്‌ പെട്ടന്ന് വിജനമായത്‌ പോലെ തോന്നി അവന്‌മഴ പെയ്യാറായത്‌ കൊണ്ടാകും കടൽക്കാഴ്ചകളൊക്കെ നിർത്തി ആളുകൾ തിരികെപ്പൊയ്ക്കൊണ്ടിരുന്നുഅവരെക്കൂടാതെ മൂന്നാലുപേർ കൂടെയുണ്ടായിരുന്നു അവിടെഇറങ്ങാൻഒക്കെ അവിടെ താമസിക്കുന്നവർ


"കടൽക്കരയിലേക്ക്‌ പോകുന്നോഅവൻ ചോദിച്ചു

"പോകാംഅവളുടെ ഉത്തരം അവനറിയാവുന്നത്‌ തന്നെയായിരുന്നു


മഞ്ഞ നിറം കലർന്ന  വെള്ള മണ്ണിലൂടെ അവർ കടൽ നോക്കി നടന്നുപണ്ട്  കടപ്പുറത്തിന്‌ നല്ല വെള്ള നിറമായിരുന്നെന്ന് അവനോർത്തു


"പണ്ട്  കടലിന്‌ നല്ല നീല നിറമായിരുന്നുമണൽ നല്ല വെള്ളയുംഅവൾ പറഞ്ഞുസുനാമിക്ക്‌ ശേഷമാണ്‌നിറങ്ങളൊക്കെ മാറിയതെന്ന് ആരോ പറഞ്ഞത് അവനോർത്തു അന്നേരം


മനുഷ്യരുടെ കാര്യവും അങ്ങനാണ്‌നമ്മുടെ മനസ്സ്‌ ആണ്‌ നിറങ്ങൾ കാണുന്നത്‌ഹൃദയം നിറഞ്ഞ സന്തോഷമാണെങ്കിൽ ചുറ്റുപാടും നല്ല നിറങ്ങളാകും നമ്മൾ കാണുകഅല്ലെങ്കിൽ നരച്ച നിറങ്ങളുംഫിലോസഫിക്കലായി ചിന്തിക്കുന്ന തന്നെയോർത്ത്‌ അവന്‌ തന്നെ ചിരി വന്നു


"പഴയ കാര്യങ്ങൾ വല്ലതുമോർത്താണോ  ചിരി? " അവൾ ചോദിച്ചു  

അല്ലെന്ന് പറയണമെന്നുണ്ടായിരുന്നു അവന്‌പക്ഷെ പറഞ്ഞില്ല


ഒരു ചെറുചിരിയിൽ അവൻ മറുപടി ഒതുക്കി


"നമുക്കിവിടെ അത്യാവശ്യം നല്ല ഒരു താമസ സൗകര്യം ഇന്നത്തേക്ക്‌ ഒരുക്കിയിട്ട്‌ നാളെ രാവിലെ സൂര്യോദയം കാണാംഅല്ലേ?" 


പിന്നെയും പിന്നെയും ചോദ്യങ്ങൾചിലത്‌ ഉത്തരങ്ങൾ ഉള്ളത്‌മറ്റുള്ളവ ഉത്തരം തേടേണ്ടത്‌എന്നാലപ്പോളവൻ ഓർത്തത്‌ വർഷങ്ങൾക്കപ്പുറവും ഇപ്പുറവും ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അർത്ഥങ്ങളും ഒക്കെ എത്രത്തോളം വ്യത്യാസപ്പെട്ട്‌ പോകുമെന്നാണ്‌.


വിശാലമായ മുറ്റമുള്ള ഒരു ഹോട്ടലിലേക്കാണവർ ചെന്നു കയറിയത്‌ഉള്ളിലേക്ക്‌ നടക്കുമ്പോൾ കടൽകാറ്റ് ‌ആവോളമുണ്ടെങ്കിലും അവനെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നുഅവൻ സെക്യൂരിറ്റിയെ കണ്ട്‌ പരിഭ്രമിച്ചത്‌ കണ്ടിട്ട്‌‌ അവൾക്ക്‌ ചിരി അടക്കാനായില്ലചിരി നിർത്താതെ അവൾ ചോദിച്ചു

"ശരിക്കും എത്ര വയസ്സായി?"


"ആർക്ക്‌എനിക്കോ?"‌ പരിഭ്രമം മാറാതെ അവൻ ചോദിച്ചു


"അല്ലാതെ പിന്നെകൊച്ച്‌ പിള്ളാരെപ്പോലുള്ള  പേടി കണ്ടിട്ട്‌ ചോദിക്കാതിരുക്കുന്നതെങ്ങനെ!"


താൻ ചൂളി ചെറുതാകുന്നത്‌ അവൻ അറിഞ്ഞുഅത്‌ പുറത്ത്‌ കാണിക്കാതെ റിസപ്ഷനിലേക്ക്‌ അവൻ അവളുടെ ബാഗും വാങ്ങി നടന്നു

------


ഒരു മുറിലിവിംഗ്‌ചെറിയൊരു കിച്ചനെറ്റ്‌കടൽ കാണാൻ കഴിയുന്ന ഒരു ബാൽക്കണി ഇതായിരുന്നു  മുറി


"ആഹാകിച്ചണൊക്കെ ഉണ്ടല്ലോനമുക്കിനി ഇവിടങ്ങ് കൂടിയാലോ ബാക്കി കാലം? " അവൾ ചിരിച്ചു കൊണ്ട്‌ ചോദിച്ചുമൗനം അവന്റെ മുഖത്തേക്കും കരി പടർത്തുന്നത്‌ കണ്ടപ്പോൾ കവിത ചോദ്യം മാറ്റി


"കാപ്പി വേണോ?"


".. വാങ്ങാമല്ലോറിസപ്ഷനിൽ വിളിച്ച്‌ ചോദിക്കാംഒരു മിനിട്ട്‌ശരത്‌  ടെലിഫോണിന്റെ അടുത്തേക്ക്‌ നടന്നു


"അയ്യേഅതാർക്ക്‌ വേണംനമുക്കിവിടെ ഉണ്ടാക്കാമെന്നേദേ ഇന്റക്ഷൻ സ്റ്റവ്‌ ഉണ്ട്‌കോഫി പൗഡർ ഉണ്ട്‌മ്മ്ം ...  ഷുഗർ ഉണ്ട്‌ശരത്തിനില്ലല്ലോ അല്ലേ?"


"എന്ത്‌?"


"ഷുഗർഡയബറ്റിസ്‌ അഥവാ പഞ്ചാര ...  പഞ്ചാരയടി എന്ന് പറഞ്ഞ്‌ നമ്മളെ ഡെന്നീസ്‌ ഇറക്കി വിട്ടതോർമയുണ്ടോ?" 


ഓർമകളിൽ നിന്ന് പുറത്ത്‌ കടക്കാനാകാതെ ശ്വാസം മുട്ടുകയായിരുന്നു അവൻവീണ്ടും വീണ്ടും ഓർമകളിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ പോകുന്നു അവളുടെ ഓരോ സംസാരവും ചിരികളുംആകെ വിങ്ങുന്നത്‌ പോലെ അവന്‌ തോന്നിശ്വാസം കിട്ടുന്നില്ലശരത്‌ എഴുന്നേറ്റ്‌ കടലിലേക്ക്‌ തുറക്കുന്ന ബാൽക്കണിയുടെ വാതിൽ തുറന്നു


"പഞ്ചാരപറഞ്ഞില്ല ... "


ഓർമയില്ല എനിക്ക്‌പഴയതൊന്നും അങ്ങനെ ഓർമ കിട്ടുന്നില്ലപ്രായം കൂടുകയല്ലേയുവാവല്ലല്ലോ."


ഡെന്നീസിന്റെ വീട്ടിലെ വിന്റ്‌ ചൈം കാറ്റടിച്ച്‌ കിലുങ്ങും പോലെ അവൾ ചിരിച്ചുപണ്ടത്തെ ചിരി പോലെ തന്നെചെറിയൊരു ചിലമ്പൽ ഉണ്ടെങ്കിലും അവളുടെ ചിരി ഇത്‌ വരെ വിട്ട്‌ പോയിട്ടില്ലല്ലോ എന്നവൻ അത്ഭുതപ്പെട്ടുഡെന്നീസിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം അവനോട്‌  വിന്റ്‌ ചൈം ചോദിക്കുമായിരുന്നുഇപ്പോഴും അത്‌ പറഞ്ഞവൻ കളിയാക്കറുണ്ട്‌


"അതല്ല ചോദിച്ചത്‌ സാറെകോഫിക്ക്‌ പഞ്ചാര വേണോ എന്ന്അവൾ പിന്നെയും വിന്റ്‌ ചൈം മുഴക്കി


ജാള്യതയോടെ ഇല്ലാ കുഴപ്പമില്ല ഇട്ടോളു എന്ന മറുപടി കൊടുത്തു


എന്നാൽ എനിക്കുണ്ട്‌ കേട്ടോപഞ്ചാരയുടെ കാലം കഴിഞ്ഞത്‌ കൊണ്ടാകണം എനിക്കിപ്പോൾ അത്യാവശ്യം നല്ല ഷുഗർ കമ്പ്ലൈന്റ്‌ ഉണ്ട്‌പഞ്ചാര തൊടാറില്ല ഇപ്പോ


"അപ്പോൾ പണ്ടത്തെ പോലെ തന്നെ അല്ലേ?" 


-------


"ഡൊ ..  ലോകത്തെ ഏറ്റവും അൺറൊമാന്റിക്‌ ആയ കാമുകി നീയായിരിക്കുംശരത്‌ ദേഷ്യപ്പെട്ടു


"അതെന്താ?" 


"വേറൊന്നുമല്ലല്ലോ ... ഒരു എഴുത്തയക്കണം എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളുഅതിനിത്ര പാടാണോഞാൻ പോയാൽ പിന്നെ 3-4 മാസം കഴിഞ്ഞേ വരൂ എന്ന് നിനക്കറിയാവുന്നതല്ലേഅതിന്റിടയ്ക്ക്‌ എനിക്ക്‌ ഒരുകത്തയക്കാൻ വല്യ പാടാണോ?"


" നോക്കാമെന്ന് ഞാൻ പറഞ്ഞല്ലോചിലപ്പോൾ ഞാൻ മറക്കുംഅല്ലെങ്കിൽ തന്നെ മെസേജ്‌ അയച്ചാൽ പോരെ?" അവൾ അലസമായ്‌ മറുപടി പറഞ്ഞു


"കൊള്ളാംഏതെങ്കിലും കാമുകിമാർ ഇങ്ങനെ പറയുമോ?" ശരത്‌ ദേഷ്യപ്പെട്ടു


"അതിന്‌ ഞാൻ ആരുടെ കാമുകിയല്ലല്ലോഅവൾ പറഞ്ഞു


"അല്ലെഅല്ലേ? " ശരത്തിന്റെ മുഖം ചുവന്നു


"അല്ലാഅവൾ ഉറപ്പോടെ പറഞ്ഞു


ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്ത്‌ റെയ്സ്‌ ചെയ്ത്‌ അവളെ രോഷത്തോടെ നോക്കിയിട്ട്‌ ശരത്‌ വേഗത്തിൽ ഓടിച്ച്‌ പോയി

-------


"കാപ്പി റെഡി" ... കവിത കാപ്പി കപ്പിലേക്കൊഴിച്ച്‌ ശരത്തിന്‌ കൊടുത്തു


ഒരു റെസ്റ്റോറെന്റിലെന്ന പോലെ ശരത് അത്‌ വാങ്ങിയിട്ട്‌ കുടിക്കാൻ തുടങ്ങി


"കൊള്ളാമോ?" കവിത ചോദിച്ചു


"ആംകൊള്ളാം". ശരത്‌ പറഞ്ഞു. "ഇതിന്‌ വേറൊരു പ്രത്യേകത കൂടിയുണ്ട്‌അവൻ കവിതയുടെ കണ്ണിലേക്ക്‌ നോക്കിയിട്ട്‌ പറഞ്ഞു


"അതെന്താണ്‌?" 


" എട്ട്‌ പത്ത്‌‌ വർഷങ്ങൾക്കിടയിലെ ആദ്യത്തെ നിന്റെ ... (ഒന്ന് നിർത്തിയിട്ട്‌ ) കവിതയുടെ കൈയിൽ നിന്നും കിട്ടുന്ന ആദ്യത്തെ കാപ്പി ആണ്‌". 


"  .. അത്‌ ശരിയാണ്‌ പക്ഷെഎനിക്കും ശരത്തൊന്നും ഉണ്ടാക്കി തന്നിട്ടില്ലല്ലോഎം സി പി കാരനാണോ?" 


"അതിനും എനിക്ക്‌ അവസരം തന്നിട്ടില്ലല്ലോ കവിതഞാൻ ഒരിക്കലും ഒരു ഷോവ്നിസ്റ്റ്‌ അല്ല"

------


"നിനക്ക്‌ പിങ്ക്‌ ചേരില്ല കവിതേ"


"അതെന്താഎനിക്കിഷ്ടമാ പിങ്ക്‌"


"നിനക്കിഷ്ടമാണെന്ന് കരുതി നിനക്ക്‌ ചേരണമെന്നില്ലല്ലോ"


"ആഹാ.. അതെന്റെ ഇഷ്ടമല്ലേഞാനിടുംശരത്ത്‌ പച്ച കളറിടണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ ഇടാതിരിക്കുമോ?"


"പച്ച അല്ലെങ്കിലും എനിക്കിഷ്ടമില്ലെന്ന് നിനക്കറിയാലോ കവിതേആരെങ്കിലും പറയുന്നതെന്തിനാനീ പറഞ്ഞാൽ ഞാനിടില്ലഅതിനി എനിക്കിഷ്ടമുള്ള ബ്ലൂ ആണെങ്കിലും"


"അയ്യയ്യേ .. ആരെങ്കിലും പറഞ്ഞത്‌ കേട്ട്‌ സ്വന്തം ഇഷ്ടം മാറ്റി വയ്ക്കുന്നവർ തന്നെ നിലപാടില്ലാത്തവർ ആണ് ‌ശരത്‌"


"നിലപാടിനെ നീ സ്നേഹവുമായി കൂട്ടിക്കുഴയ്ക്കരുത്‌ കവി


"എനിക്ക്‌ സ്നേഹത്തിനെക്കാൾ വലുത്‌ നിലപാട്‌ തന്നെയാണ്‌നിലപാടില്ലാത്തവർ നട്ടെല്ലില്ലാത്തവർതന്നെയാണ്‌."

--------


"അയ്യപ്പാ"... എന്ന് വിളിച്ച്‌ നടുവ്‌ അമർത്തി എഴുനേൽക്കുന്ന ശരത്തിനെ ചിരിയോടെ നോക്കി അവൾ ചോദിച്ചു


"പഴയ വിപ്ലവസിംഹം സ്പിരിച്വൽ ആയോ?"


"ഇത്‌ വെറുമൊരു പേരല്ലേഇപ്പോ വിളിച്ച്‌ വിളിച്ച്‌ ശീലമായിപ്പോയിഅല്ലാതെ സ്പിരിറ്റൊന്നും ഇല്ല ഇതിൽ"


"ഉവ്വുവ്വ്‌... പഴയ സിംഹങ്ങളുടെ ക്ലീഷേ ഡയലോഗ്‌മതി മതി മനസിലായി"


"അതൊന്നുമല്ല ... " അവിടെ നിർത്തി ശരത്‌ഒന്നും പറയാനില്ലാത്തത്‌ പോലെഅല്ലശരിക്കും ഒന്നും പറയാനില്ലപറയേണ്ടതോക്കെ എന്നേ പറഞ്ഞു കഴിഞ്ഞത്‌ പോലെ ശരത്തിനു തോന്നിമുൻപിൽ ഇരിക്കുന്ന കവിതയെ പരിചയമുണ്ടെങ്കിലും ഒരു അപരിചിതത്വം തോന്നുന്നുഇടയ്ക്ക്‌ മുറിഞ്ഞൊഴുകിയ പുഴയിൽ രണ്ടായ്‌ പിരിഞ്ഞുപോയ പാഴ്ത്തടികളെപ്പോലെകാറ്റിൽ പലതായ മേഘങ്ങളെപ്പോലെതിരികെ വന്നിട്ടും ഒന്നിക്കാൻ കഴിയാത്ത വസ്തുക്കളെപ്പോലെ

-------


തന്റെ മുന്നിലിരിക്കുന്ന കവിതയ്ക്ക്‌ ഒരു മാറ്റവുമില്ലെന്ന് ശരത്തിന്‌ തോന്നിമാറിയത്‌ മുഴുവൻ താനാണ്‌അവൾ പഴയ കവിത തന്നെകോളേജിലെ അതേ കവിഅതേ രൂപത്തിൽഅതേ എനർജിയിൽവഴക്കിടാനുള്ള അതേപഴയ മനസുമായ്‌ അവൾ ഇന്നുംതാനോ ചിന്തകളിലും രൂപത്തിലും മുഴുവൻ വേറൊരാളായ്‌  പഴയ ശരത്തിന്റെ പേരിൽ ജീവിക്കുന്ന തികച്ചും പുതിയൊരാൾപുതിയ ശരത്തിനും ഈ‌ കവിതയെ മനസ്സിലാകാൻ ഒരിക്കലും കഴിയില്ല


"കവി ... നമുക്കിറങ്ങാംശരത്ത്‌ ബാഗ്‌ എടുത്ത്‌ കൊണ്ട്‌ പറഞ്ഞു


എങ്ങോട്ട്‌?" കവിത അത്ഭുതത്തോടെ ചോദിച്ചു


"തിരികെ ... തിരികെ പോകാം"


ശരത്തിന്റെ കണ്ണുകളിലേക്ക്‌ നോക്കി കവിത പുഞ്ചിരിച്ചുഎഴുന്നേറ്റ്‌ വളരെ മൃദുവായ്‌ ശരത്തിന്റെ കൈകളിൽപിടിച്ച്‌ കൊണ്ടവൾ പറഞ്ഞു


"ശരത്‌നമ്മൾ ഇത്‌ വരെ വന്ന വഴിയേ തിരികെ പോകാമെന്ന് കരുതിയാണ്‌ ഞാൻ ഇങ്ങോട്ട്‌ വന്നത്‌എന്നാൽ ശരത്തിന്‌ തിരികെ നടക്കാൻ ‌കഴിയില്ലെന്ന് എനിക്ക്‌ മനസിലായി"


"കവി ... " 


"പൊയ്ക്കോളു ശരത്‌ഞാൻ ഇനി നാളത്തെ സൂര്യോദയം കൂടെ കണ്ടിട്ടേ ഉള്ളൂ തിരികെ"

ശരത്തിന്റെ നെറ്റിയിൽ അമർത്തിച്ചുംബിച്ച്‌ കണ്ണുകളിലേക്ക്‌ നോക്കി കവിത പറഞ്ഞു "നല്ല ദിനങ്ങൾ ഉണ്ടാകട്ടെ നമുക്ക്‌ രണ്ട്‌ പേർക്കും".


"എന്ന് കരുതാം കവി", ശരത്‌ മറുപടി പറഞ്ഞു


തണുത്ത കാറ്റിൽ ആടിയുലയുന്ന മുറ്റത്തെ അലങ്കാര ചെടികൾക്കിടയിലൂടെ തോളിൽ തൂക്കിയ ബാഗുമായ്‌ ശരത്‌ ആ ഹോട്ടലിന്റെ ഗേറ്റ്‌ കടന്ന് പോകുന്നത്‌ കവിത നോക്കി നിന്നു.