Powered By Blogger

Wednesday, February 14, 2024

ഹാപ്പി വാലന്റൈൻസ്‌ ഡേ റ്റു ആൾ


കവലയിലേക്ക്‌ ഒന്ന് ഇറങ്ങി സതീശൻ ചുള്ളാടിന്റെ കടേന്ന് ഒരു ചായ കുടിച്ചേക്കാം എന്ന് കരുതി ഇറങ്ങിയതാ വെളുപ്പാൻ കാലത്തേ. അതൊരു ശീലമാണ്‌, വീട്ടിൽ നിന്ന് കുടിക്കും മുൻപേ ഒരു കടച്ചായ. അതാ ഭാര്യയെപ്പോലും എഴുന്നേൽപ്പിക്കാതെ രാവിലെ തന്നെ ഇങ്ങോട്ട്‌ ചാടിയത്‌. "ചുള്ളേട്ടാ ... ഒരു ഫുൾ ചായ." വെളിയിലെ ബെഞ്ചിലിരുന്ന് അകത്തേക്ക്‌ നോക്കി ഓർഡർ കൊടുത്തു. അകത്തൂന്ന് ഒരു "ഓ ശരി" പറന്ന് വന്ന് എന്റെ ഇടത്തേ ചെവിയിൽ കയറി. 


പഞ്ചാരക്കുപ്പിയിൽ പഞ്ചാര അടിച്ചോണ്ടിരുന്ന കുറ്റത്തിന്‌ ഒരു യുവ കട്ടുറുമ്പിനെ സതീഷേട്ടൻ ചായയിൽ തള്ളിയിട്ട്‌ കൊല്ലാൻ ശ്രമിക്കുകയും, ആ കട്ടുറുമ്പനെ എനിക്ക്‌ കിട്ടിയ മീഡിയം മധുരച്ചായയിൽ കാണുകയും, പാവം ഉറുമ്പ് പയ്യനെ ചായയിൽ നിന്നും ചൂണ്ട്‌ വിരലിട്ട്‌ കൊടുത്ത്‌ ഞാൻ രക്ഷപെടുത്തുകയും ചെയ്തു. രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിൽ ചായ ഒന്ന് കുടിച്ച്‌ തുടങ്ങിയപ്പോഴാണ്‌ വഴിയിൽക്കൂടെ  റോസാപ്പൂവും ഡയറി മിൽക്കുമൊക്കെ വാങ്ങി പോകുന്ന യുവ കോമള-കോമളത്തികളെ കണ്ടത്‌. 


‌'ഓഹ്‌! ഇന്ന് വാലന്റൈൻസ്‌ ഡേ ആണല്ലോ എന്ന്' അപ്പോഴാ ഓർത്തത്‌. 'ശ്ശെടാ, മറന്നു പോയല്ലോ. ഭാര്യയയേ വിഷീലല്ലോ, ഇനീപ്പം ചായ കുടിച്ചിട്ട്‌ പോയി വിഷ്ഷാം' എന്ന് മനസിൽ കരുതുകയും ചെയ്ത്‌ കൊണ്ടിരുന്നപ്പോഴാണ്‌ ഫാസ്റ്റ്‌ പാസഞ്ചറ്‌ പോലൊരുത്തൻ ഒറ്റക്കാലിൽ ചെരുപ്പുമിട്ട്‌ ബെൻ ജോൺസണെ തോൽപ്പിക്കുന്ന സ്പീഡിൽ ഓടി വരുന്നത്‌ കണ്ടത്‌. 'ശ്‌ര്റന്ന്' വരുന്നത്‌ മാത്രം കണ്ടു, പിന്നെ കാണുന്നത്‌ മിന്നൽമുരളിയെ തോൽപ്പിക്കുന്ന വേഗത്തിൽ ചായക്കടയുടെ മുന്നിലൂടെ ഓടി പാലത്തിന്റെ വക്ക്‌ വഴി ഒരു മിന്നായമായി പോകുന്നതാണ്‌. അവൻ ഓടിപ്പോയ വേഗത്തിൽ സതീഷേട്ടന്റെ ചെറിയ ചായക്കട കിടുങ്ങി, പിന്നെ കുലുങ്ങി, ക്ലാവ്‌ പിടിച്ച്‌ വീഴാറായിരുന്ന ഒരു ഓട്‌ കുലുങ്ങി ഇളകി എന്റെ കാലിന്‌ മുൻപിലേക്ക്‌ വീണ്‌ പൊട്ടിച്ചിതറി. 


"ഹൗ! ഞാൻ പേടിച്ച്‌ ചാടി എഴുന്നേറ്റു. കൈയിലെ ചായ തുളുമ്പിച്ചാടി എന്റെ കാലിനടീൽ പമ്മി ഇരുന്ന ലൂസിപ്പൂച്ചയുടെ ദേഹത്ത്‌ വീണു. 'ന്റെമ്യാവോ....'ന്നും പറഞ്ഞ്‌ പൂച്ച അടുത്ത പറമ്പിലേക്കോടി. ആ ഘട്ടത്തിൽ അവിടെ കൂടിയ ചായ കുടിയന്മാരെല്ലാം സ്പ്രിങ്‌ തെറിക്കും പോലെ ഒന്നടങ്കം ചാടി എഴുന്നേറ്റു. അടുക്കളേന്ന് സതീഷേട്ടൻ 'ഹെന്താ...'ന്നും ചോദിച്ച്‌ ഓതിരം കടകം മറിഞ്ഞ്‌ ഒറ്റടിക്ക്‌ കടമുറ്റത്തെത്തി. അപ്പോഴാണ്‌ ഞങ്ങൾ പത്ത്‌ മുപ്പത്‌ ചക്ക കെട്ടി വച്ച ചാക്ക്‌ പോലൊരു മനുഷ്യൻ ഉരുണ്ടുരുണ്ട്‌ മുന്നേ പോയ ആ പയ്യന്റെ പുറകേ കിതച്ച്‌ കിതച്ച്‌ ഓടി വരുന്നത്‌‌ കണ്ടത്‌. ആർക്കുമൊന്നും മനസിലായില്ല. ആ ചാക്ക്‌ കെട്ട്‌ അങ്ങനെ തന്നെ ഉരുണ്ടുരുണ്ട്‌ ചായക്കടയിലെ ബെഞ്ചിൽ വന്ന് വീണു. 


"വെളള... വെ..ള്ളം .." കൈ കൊണ്ട്‌ ആംഗ്യം കാണിച്ചയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു. കാര്യമെന്താന്ന് അയാളോട്‌ ചോദിച്ചിട്ട്‌ ആ പാവം മനുഷ്യന്റെ വായിൽ നിന്ന് പതയും നുരയും അല്ലാതെ തൽക്കാലം വേറൊന്നും വരില്ല എന്ന് ഞങ്ങൾക്ക്‌ മനസിലായി. അന്ധാളിച്ച് ചുറ്റും കൂടിയ അടുത്തേക്ക്‌ വേറൊരു മനുഷ്യനും ഓടി എത്തി. 

വന്ന ഉടനെ അയാൾ "ചേട്ടാ, ഭാസ്കരൻ ചേട്ടാ .. " എന്ന് വീണ്‌ കിടന്ന് വെള്ളം കുടിക്കുന്ന ചാക്കേട്ടനെ വിളിക്കുന്നത്‌ കണ്ടപ്പോൾ വീണ്‌ കിടക്കുന്നുന്നത്‌ ഏതോ ഭാസ്കരനാണ്‌ എന്ന് എനിക്കും മറ്റ്‌ പലർക്കും മനസിലായി.  കാര്യമറിയാനുള്ള ചോദ്യശരങ്ങൾ തന്റെ നേർക്കാണെന്ന് മനസിലാക്കിയ ആ മൂന്നാം ഓട്ടക്കാരൻ ഉത്തരത്തിന്റെ വല്യ പരിച ഉടനടി  എടുത്ത്‌ തടുത്ത്‌ പറഞ്ഞു. 

"ദാ ആ ഓടി പോയവനാണ്‌ പോപ്പി. അവനെ പിടിക്കാനാ ചേട്ടൻ ഓടിയത്‌. വയ്യാത്ത ആളാണ്‌, ഓടണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അതാ ഞാൻ പുറകേ ഓടി വന്നത്‌." 

കൗതുകം താങ്ങാനാകാതെ , "കള്ളനാണോ അവൻ?" എന്ന് ഞാനും മറ്റ്‌ രണ്ട്‌ പേരും കൂടെ ഒന്നിച്ച്‌ ചോദിച്ചു. 

"അങ്ങനെ ചോദിച്ചാൽ..." അയാൾ ഒരു അർദ്ധവിരാമം ഇട്ടു. പിന്നെ ഒന്നും കൂടെ വീണ്‌ കിടക്കുന്നയാൾക്ക്‌ ബോധം അത്ര വന്നിട്ടില്ല എന്നുറപ്പിച്ച്‌ ശബ്ദം താഴ്ത്തി രഹസ്യം പോലെ ഞങ്ങളോട്‌ പറഞ്ഞു. 

"അവൻ ഇന്നലെ രാത്രി ചേട്ടന്റെ വീട്ടിൽ കയറി. രാത്രി ഒരു പന്ത്രണ്ടര ആകുമ്പോൾ ചേട്ടൻ പുരക്ക്‌ വെളിലിറങ്ങാറുണ്ട്‌ എന്നും. വെറുതെ ഒന്ന് മൂത്രമൊഴിക്കാൻ" 


"വെറുതെ അങ്ങനെ മൂത്രമൊഴിക്കാൻ ഒക്കെ പറ്റുമോ?" കൗതുകം കൂടിയ മറ്റൊരുവന്റെ ചോദ്യം. 


"ഏയ്‌, അങ്ങനല്ല, ചേട്ടന്റെ ശീലമാ അത്‌. കുഞ്ഞും നാളിലേ ഒള്ളതാ. നിങ്ങൾ ഇത്‌ കേൾക്ക്‌" തന്റെ സംഭാഷണം ആവശ്യമില്ലാതെ പകുതിക്ക്‌ മുറിപ്പിച്ചവനെ രൂക്ഷമായി നോക്കി ഓട്ടക്കാരൻ മുരണ്ടു. "അങ്ങനെ ചേട്ടൻ മൂത്രമൊഴിക്കാൻ വെളിക്കിറങ്ങുമ്പോൾ ..." കൗതുകക്കാരൻ 'അതെങ്ങനെ..?' എന്ന് ചോദിച്ച്‌ വന്നപ്പോഴേക്കും ഓട്ടക്കാരൻ കണ്ണുരുട്ടി, "വെളിയിലേക്കിറങ്ങുമ്പോൾ, വീടിന്റെ വെളിയോട്ടിറങ്ങുമ്പോൾ" എന്ന് കടുപ്പിച്ച്‌ പറഞ്ഞിട്ട്‌ തുടർന്നു; 

"ദോ ഒരുത്തൻ അവിടൊളിച്ചിരിക്കുന്നു. റ്റോർച്ച്‌ വെളിച്ചം മുഖത്തടിപ്പിച്ചപ്പോൾ അവൻ ഓടിക്കളഞ്ഞു." 


"അല്ലാ.. ഒരു സംശയം", കൗതുകക്കാരന്റെ കൗതുകം നുരഞ്ഞു പൊന്തി.


"എന്താ" കൗതുകകുതൂഹലനെ ഒട്ടും ഇഷ്ടപ്പെടാത്ത ഓട്ടക്കാരൻ പുരികം വളച്ച്‌ ചോദിച്ചു. 


"രാത്രി ഓടിത്തുടങ്ങിയ നിങ്ങൾ രാവിലെ വരെ ഓടുവായിരുന്നോ, അതും ഇങ്ങേരീ ചീക്കത്തടിയും വച്ച്‌? പിന്നെ ഇവനാണ്‌ അവിടെ വന്നത്‌ എന്നും എങ്ങനറിയാം? അവന്റെ മുഖം നിങ്ങളൊന്നും കണ്ടില്ലല്ലോ!"


"ഏയ്‌ അല്ലല്ലല്ല.. അവനെ ദേ ആ സ്കൂളിന്റെ മുന്നിൽ വച്ചിപ്പോ കണ്ടതെ ഒള്ള്‌ ഞാൻ ചേട്ടനും. അവനെ കണ്ടതും ചേട്ടൻ അവന്റെ പൊറകെ 'നിൽക്കടാ...'ന്നും പറഞ്ഞൊറ്റയോട്ടമായിരുന്നു." 


"എന്നാലും..." കൗതുകൻ അടുത്ത ചോദ്യവുമായി ഹാജരായി. " ഇവനാണെന്ന് എങ്ങനെ മനസിലായി? ഇവനെ നിങ്ങളൊന്നും കണ്ടില്ലല്ലോ രാത്രിയിൽ?"


"ഇല്ല കണ്ടില്ല. പക്ഷെ ഈ മണ്ടൻ കൊണാപ്പി ചെയ്തത്‌ എന്താന്ന് നിങ്ങൾക്കറിയാമോ?"


"ഇല്ലല്ലോ"..ന്ന് ഒന്നിച്ച് എല്ലാവരും‌ കോറസി.


"ഈ പൊട്ടൻ ഇന്നലെ രാത്രി തന്നെ ചേട്ടന്റെ വീട്ടിന്റെ ഫോട്ടോയുമിട്ട്‌ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റിയേക്കുന്നു!" 


"എന്ത്‌ പോസ്റ്റി?" കണ്ണുകൾ തള്ളി ഞങ്ങൾ വീണ്ടും കോറസ്‌.


" 'സൂപ്പർ നൈറ്റ്! ചില്ലിംഗ്‌ വിത്ത്‌ ദേവി ബി. അറ്റ്‌ ഭാസ്കർ ഭവൻ. ഹാപ്പി വാലന്റൈൻസ്‌ ഡേ റ്റു ആൾ' എന്ന്. കൂടാതെ അവളെ ടാഗും ചെയ്തിട്ടുണ്ട്‌." ഞങ്ങളുടെ അടുത്ത വരാവുന്ന ചോദ്യത്തെ മുന്നേ തടഞ്ഞ്‌ ഓട്ടക്കാരൻ പറഞ്ഞു "ദേവി ‌ ഭാസ്കരേട്ടന്റെ രണ്ടാമത്തെ മോളാ‌."


കണ്ണ്‌ തുറന്ന് വന്ന ഭാസ്കരേട്ടൻ "ദേവീ"ന്നും വിളിച്ച്‌ ബെഞ്ചിൽ നിന്നും ഉരുണ്ടടിച്ച്‌ 'പ്ദ്ധും'ന്ന് താഴേക്ക്‌ വീണു. 

No comments:

Post a Comment