Powered By Blogger

Tuesday, October 24, 2023

തിറവുകോൽ


കട പൂട്ടി താക്കോൽ കീശയിലിട്ട്‌ വെളിയിലേക്ക്‌ ഇറങ്ങിയ വഴിക്കാണ്‌ മനു എതിരെ വരുന്നത്‌ ബിജുകുമാർ കാണുന്നത്‌. 

"ദൈവമേ ഇവൻ ഇവന്റെ വീടിന്റെ താക്കോലിന്റെ  കാര്യം ചോദിക്കുമല്ലോ?" എന്ന് ബിജു മനസ്സിൽ ആലോചിച്ചു‌ പേടിച്ചു.  "അവന്റെ കണ്ണിൽ പെടാതെ പോകാനും ഇനി പറ്റില്ല. എന്തായാലും ചിരിച്ചേക്കാം" എന്ന് ആലോചിച്ച്‌  ബിജു ചുണ്ടിന്റെ അറ്റത്തുള്ള ബീഡി കളഞ്ഞ്‌ ഒരു ചിരി ഒട്ടിച്ച്‌ വച്ചു. ബീഡിയുടെ മണത്തിൽ ആ ചിരി കഷ്ടിച്ച്‌ ബിജുവിന്റെ ചുണ്ടിൽ ഒട്ടിപ്പിടിച്ച്‌ ഇരുന്നു. 


"അയ്യോ ബിജു അണ്ണൻ പോകുവാണോ? ഞാൻ അങ്ങോട്ട്‌ വരുവായിരുന്നു. താക്കോലെടുക്കാൻ." സച്ചിൻ കുറച്ച്‌ നിരാശയോടെ പറഞ്ഞു. 


"അയ്യോടാ, ദേ ഇത്രേം നേരം ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു. ഇപ്പോ അങ്ങോട്ടിറിങ്ങിയതേ ഉള്ളു. പട്ടൂരാൻ വിളിച്ചു,  അങ്ങേരുടെ വീട്ടീലെന്തോ അത്യാവശ്യമായി ചെയ്യാനുണ്ടെന്ന് പറഞ്ഞു. ഭയങ്കര അത്യാവശ്യം എന്തെങ്കിലുമാകും, അല്ലേലവൻ വിളിക്കത്തില്ല. ഞാൻ ദേ പോയി ദാ വന്ന്. നീ ഒരു 2 മണിക്കൂർ കഴിഞ്ഞ്‌ വന്നോ". പകുതി ആശ്വാസത്തോടെ ബിജു മനുവിനോട്‌ പറഞ്ഞു. 


താക്കോലിന്റെ കഥ :


സച്ചിൻ എന്ന മനുവിന്റെ വീട്ടിൽ കുറച്ച്‌ നാൾ മുൻപൊരു കള്ളൻ കയറി. ഒരും പെരും തസ്കരൻ. എന്ന് വെച്ചാൽ ഒരു കിടിലം കറ കളഞ്ഞ, മോഷണം രാകി മിനുക്കിയ ഒരു കള്ളൻ. ഒരു ഇല പോലും അനക്കാതെ ആ ചോരൻ വീടിന്റെ മുകളിലേക്ക്‌ ചാഞ്ഞ്‌ കിടന്ന ഒരു മുത്തച്ഛൻ മാവിൽ കയറി വീടിന്റെ പഴയ ഓടിളക്കി ഒരു പല്ലിയേപോലെ അകത്തിറങ്ങി. ഒരു മനുഷ്യക്കുഞ്ഞു പോലും അറിയാതെ അകത്തുള്ള അലമാരകളും മേശവലിപ്പുമൊക്കെ തുറന്ന് തനിക്കാവശ്യമുള്ള പണവും സ്വർണ്ണവുമൊക്കെ തേടി. ജാനുമുത്തശ്ശിയുടെ അരിപ്പെട്ടിയും മനൂന്റെ അമ്മയുടെ പലഹാരപ്പാട്ടയും വരെ തിരഞ്ഞെങ്കിലും കാലിക്കൈയോടെ തന്റെ തസ്കരദൗത്യം പൂർത്തിയാക്കാനായിരുന്നു അന്ന് അവന്റെ യോഗം. ഇതിൽ നിരാശനായി അരിശം കയറിയ കള്ളൻ അവിടെ മുഴുവൻ തിരഞ്ഞ്‌ കൈയിൽ കിട്ടിയ എല്ലാ താക്കോലുകളുമെടുത്ത്‌ വീടു മുഴുവൻ പൂട്ടി  അവിടുന്ന് പോയി. രാവിലെ എഴുനേറ്റ്‌ വന്ന മനൂന്റെ അമ്മക്ക്‌ അച്ഛന്‌ കട്ടൻ ചായ ഇട്ട്‌ കൊടുക്കാൻ പോലും കഴിഞ്ഞില്ല. അടുക്കളയുടെ താക്കോൽ, ചായ്പ്പിലേക്കിറങ്ങുന്ന വാതിലിന്റെ താക്കോൽ, മുൻ വാതിലിന്റെ, പിൻ വാതിലിന്റെ എന്ന് വേണ്ടാ ഡോളിപ്പട്ടിയുടെ കൂടിന്റെ താക്കോല്‌ വരെ വന്ന കള്ളച്ചാര്‌ അടിച്ചോണ്ട്‌ പോയി. വീട്ടുകാർ അടുക്കളവാതിൽ പൊളിച്ചാണ്‌ വെളിയിലേക്ക്‌ ഇറങ്ങിയത്‌ തന്നെ. വീട്‌ പുതുക്കിയപ്പോൾ കുളിമുറിക്ക്‌ വരെ പൂട്ട്‌ വപ്പിച്ച മനൂന്റെ അച്ഛനെ അമ്മ‌ കുത്തിപ്പറഞ്ഞ്‌ തുടങ്ങി അന്ന് തൊട്ട്‌. എന്നാൽ മനൂന്റച്ഛൻ അത്‌ കേൾക്കാത്തത്‌ പോലെ "എന്തോന്ന് കള്ളനടേയ്‌ ഇത്‌" എന്ന് വീണ്ടും വീണ്ടും കുണ്ട്ഠിതപ്പെട്ട്‌‌ കൊണ്ടേ ഇരുന്നു. 


ബാക്കിയുള്ള മുറികളുടെ വാതിലൊക്കെ പൊളിച്ച്‌ പൂട്ട്‌ മാറ്റി വച്ചെങ്കിലും വീടിന്റെ മുൻ വാതിലിന്റെ പൂട്ട്‌ മാത്രം പൊളിക്കാൻ മനൂന്റച്ഛൻ സമ്മതിച്ചില്ല. അത്‌ അച്ഛന്റെ മുത്തച്ഛൻ പണ്ട്‌ വടക്കേ ഇന്ത്യയിൽ നിന്നെങ്ങാണ്ടോ കൊണ്ട്‌ വന്ന ഒരും താഴും താക്കോലുമാണ്‌. കുഞ്ഞുന്നാളിൽ ആ താഴിന്റെ ഭംഗിയെക്കുറിച്ച്‌ തന്റെ കൂട്ടുകാരോട്‌ ഒത്തിരി വീമ്പ്‌ പറഞ്ഞിട്ടുണ്ട്‌ അദ്ദേഹം. അത്‌ ഒരു രാജകൊട്ടാരത്തിന്റെ താഴായിരുന്നു എന്നോ മറ്റോ ആണ്‌ മുത്തച്ഛൻ മനൂന്റച്ഛനോട്‌ പറഞ്ഞിരുന്നത്‌. ഒരു വടക്കേ ഇന്ത്യൻ രാജാവ്‌ സമ്മാനിച്ചതാണത്രേ അത്‌. അതിനോട്‌ ഒരു പ്രത്യേക ഇഷ്ടവും ആരാധനയും അദ്ദേഹത്തിനുമുണ്ട്‌. അത്‌ കൊണ്ട്‌ അന്ന് തന്നെ ബിജു കുമാറിനെ ചട്ടം കെട്ടിയതാണ്‌ ആ താഴിനുള്ള താക്കോലുണ്ടാക്കാൻ. 


ബിജു കുമാർ


നാട്ടിലെ ആകെയുള്ളൊരു കീ ഡുപ്ലിക്കേഷൻ ആന്റ്‌ ലാമിനേറ്റിംഗ്‌ സർവ്വീസ്‌ കട ബിജുവിന്റേതാണ്‌. കുറച്ച്‌ കൊല്ലപ്പണി കൂടെ അറിയാവുന്നതിനാൽ താക്കോലൊക്കെ ഉണ്ടാക്കി എടുക്കുന്നതിൽ മിടുമിടുക്കൻ. സൽസ്വഭാവി, കാര്യപ്രാപ്തൻ, നല്ല അധ്വാനശീലനും. അത്‌ കൊണ്ട്‌ സച്ചിന്റച്ഛന്റെ ആവശ്യം കേട്ടപ്പോൾ തന്നെ ഡബിൾ യെസ്‌ മൂളി. ഒരു യെസ്‌ താക്കോലുണ്ടാക്കാനും മറ്റേ യെസ്‌ തന്റെ കാര്യപ്രാപ്തി എല്ലാവർക്കും ഒന്നും കൂടെ മനസിലാക്കിപ്പിച്ചുറപ്പിക്കാനും. 


പക്ഷെ


പക്ഷെ പണി വിചാരിചത്‌ പോലെ എളുപ്പമല്ലായിരുന്നു. താഴിന്റെ കിഴുത്തയിൽ മുദ്ര പതിയാത്ത താക്കോൽ കയറ്റി തിരിച്ച്‌ മാർക്കുകളിട്ട്‌, പിന്നെയും പിന്നെയും തിരിച്ച്‌ അതിന്റെ രേഖ വച്ച്‌ വേണം പുതിയ താക്കോലുണ്ടാക്കാൻ. ബിജു എത്ര ശ്രമിച്ചിട്ടും താഴ്‌ വഴങ്ങിക്കൊടുത്തില്ല. തനിക്ക്‌ കഴിയില്ല എന്ന് ഏറ്റ്‌ പറയാനുള്ള ചങ്കൂറ്റമില്ലായ്മയും  നാണക്കേടുമോർത്ത്‌ ബിജു അതൊട്ട്‌ അവരോട്‌ പറഞ്ഞുമില്ല. അന്ന് തൊട്ട്‌ തുടങ്ങിയതാണ് ഈ ഒളിച്ചു കളി. 


"ചേട്ടാ പോയിട്ട്‌ വരുമോ? ഞാൻ ഇരിക്കണോ?" എന്ന് സച്ചിൻ ചോദിക്കുമ്പോഴേക്കും ബിജു അമ്പാന്റെ കടയും കടന്ന് പുഴക്കരികെ എത്തിയിരുന്നു. 


തീർപ്പ്‌


കുഞ്ഞുക്കുട്ടന്റെ വള്ളത്തിലിരുന്നപ്പോൾ തനിക്ക്‌ കഴിയാതെ പോയ, തന്റെ ജീവിതത്തിലെ ആദ്യ പരാജയമായ താക്കോലദ്ധ്യായം ഓർത്ത്‌ ഓർത്ത്‌ വിഷമിച്ചു ബിജുകുമാർ. തന്റെ എതിരെ ഇരുന്ന കിറുക്കൻ കുട്ടപ്പനെ നോക്കിച്ചിരിച്ചെങ്കിലും ബിജുവിന്റെ ചിന്ത ആ താഴിനെക്കുറിച്ച്‌ തന്നെയായിരുന്നു, തന്റെ ആദ്യത്തെ തോൽവിയെക്കുറിച്ചായിരുന്നു. കിറുക്കൻ കുട്ടപ്പൻ ബിജുവിനെ നോക്കി തന്റെ കറുത്ത പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നെങ്കിലും ബിജു അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. "കൊണ്ട്‌ പോ, കൊണ്ട്‌ പോ... പെട്ടന്ന് കൊണ്ട്‌ പോ" കുട്ടപ്പൻ പറഞ്ഞു. തന്റെ കൈയിലുണ്ടായിരുന്ന ആരോ കൊടുത്ത വടയുടെ പാതിയും കടിച്ച ഒരു മാങ്ങാപ്പഴവും കുട്ടപ്പൻ ബിജുവിന്‌ നേരേ നീട്ടി. അവജ്ഞയോടെ ബിജു "ചുമ്മാതിരിയെടാ കുട്ടപ്പാ" എന്ന് പറഞ്ഞ്‌ കുട്ടപ്പന്റെ കൈ തട്ടിമാറ്റി. പിന്നീട്‌‌ കിറുക്കൻ കുട്ടപ്പൻ ബിജുകുമാറിനോട്‌ ഒന്നും മിണ്ടിയില്ല. വള്ളം അക്കരെ അടുക്കും വരെ ആകെ മൂകശോകമായിട്ടായിരുന്നു രണ്ട്‌ പേരും ഇരുന്നത്‌. വള്ളക്കാരൻ കുഞ്ഞുക്കുട്ടൻ മാത്രം 'വെള്ളിച്ചില്ലും വിതറി' എന്ന പാട്ട്‌ അതിന്റെ ഏതോ ഒരു പ്രാകൃത രൂപത്തിൽ മൂളിക്കൊണ്ടിരുന്നു. 


വള്ളം അക്കരെ അടുത്തു. കിറുക്കൻ കുട്ടപ്പൻ ഒറ്റച്ചാട്ടത്തിന്‌ വള്ളത്തിൽ നിന്ന് ചാടിയിറങ്ങി. അവനും ഏതോ പാട്ട്‌ പാടിത്തുടങ്ങിയിരുന്നു. ഇറങ്ങിയ ഉടൻ കുട്ടപ്പൻ ബിജുകുമാറിനെ തിരിഞ്ഞ്‌ നോക്കിയിട്ട്‌ തന്റെ കൈ നീട്ടി ബിജുവിനെ കരയിലേക്കിറങ്ങാൻ സഹായിക്കാൻ ശ്രമിച്ചു. 'വേണ്ട' എന്ന് പറഞ്ഞ്‌ കൈ തട്ടിയ ബിജുവിന്റെ കൈയിൽ ദേഷ്യത്തോടെ കടന്ന് പിടിച്ചിട്ട്‌ കിറുക്കൻ ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുത്തു. അവന്റെ കരുത്തുറ്റ പിടിയിൽ ഞെരിഞ്ഞ്‌ പോയ തന്റെ കൈ 'ഹൗ' എന്ന് പറഞ്ഞ്‌ ബിജുകുമാർ വലിച്ചു. കിറുക്കൻ കുട്ടപ്പൻ അമർത്തിയടപ്പിച്ച തന്റെ വിരലുകൾ തുറന്ന് നോക്കിയ ബിജുകുമാർ അന്ധാളിച്ച് പോയി. തുറന്ന കൈയിൽ ഒരു പഴയ താക്കോൽ, വളരെ പഴക്കം ചെന്ന ഒരു തക്കോൽ. കിറുക്കൻ കുട്ടപ്പൻ പാടുന്ന പാട്ട്‌ അന്തം വിട്ടിരുന്ന ബിജുകുമാർ അപ്പോൾ നല്ല വ്യക്തമായി കേട്ടു 

"മായാജാലക വാതിൽ 

തുറക്കും മധുരസ്മരണകളേ..." 

കുട്ടപ്പന്റെ രൂപം അകന്നകന്ന് പോകുന്നതിനൊപ്പം പാട്ടും‌ പയ്യെപ്പയ്യെ നേർത്ത്‌ അവസാനിച്ചു. 


No comments:

Post a Comment