Powered By Blogger

Thursday, February 18, 2021

ഡിപ്രഷനുകളുടെ സൈലന്റ്‌ മോഡ്‌‌

വാട്സാപ്പിലെ ഫ്രണ്ട്സ്‌ ലിസ്റ്റ്‌ ബെൻ തിടുക്കത്തിൽ സ്ക്രോൾ ചെയ്തു നോക്കി. അതിൽ മനസ്‌ തുറന്ന് സംസാരിക്കാൻ പറ്റിയവർ ആരെങ്കിലുമുണ്ടോ എന്ന് തിരഞ്ഞു. എന്നും സംസാരിക്കുന്നവർ തൊട്ട്‌ സ്കൂളിൽ ഒന്നിച്ച്‌ പഠിച്ചവർ വരെ പല പല ചിത്രങ്ങളായി ഫോണിന്റെ സ്ക്രീനിൽ താഴെ നിന്ന് മുകളിലേക്ക്‌ പോയി. പക്ഷെ,  ''എനിക്ക്‌ ഡിപ്രഷനുണ്ടെന്ന് തോന്നുന്നു'' എന്ന് തുറന്ന് സംസാരിക്കാൻ മാത്രം അടുത്ത്‌ പരിചയമുള്ള ആരും അവിടെങ്ങുമില്ല


തന്റെ കാമുകിയോ അതോ വെറും സുഹൃത്തോ എന്ന് അയാൾക്ക്‌‌ പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രൊഫെലിൽ ബെൻ സ്ക്രോളിംഗ്‌ നിർത്തി. ഒരു പക്ഷെ  ആദ്യം തിരഞ്ഞതും ഡിപി തന്നെയാകും എന്നാണ്‌ തോന്നുന്നത്‌. ഫോൺ സ്ക്രീനിന്റെ ബ്രൈറ്റ്നസ്‌ കണ്ണിലേക്കടിച്ചു കയറുന്നതും കണ്ണ്‌ വേദനിക്കുന്നതും ബെന്നിന് വല്ലാത്ത‌ അലോസരമുണ്ടാക്കി. മനം പിരട്ടൽ പോലെ വലിയൊരു അസ്വസ്ഥത അയാളെ വരിഞ്ഞു മുറുക്കി. ഉള്ളിൽ നിന്ന് എന്തോ പുറത്ത്‌ ചാടാൻ പരിശ്രമിച്ച്‌ കൊണ്ടിരിക്കുന്നു. എന്താണതെന്ന് മനസിലാകുന്നില്ല. ശ്വാസം മുട്ടിക്കുന്ന തോന്നലുകൾ. ഓരോ നിമിഷം കഴിയും തോറും‌ ശർദ്ദിക്കണമെന്ന തോന്നൽ ശക്തിയാർജ്ജിക്കുന്ന പോലെ. ആപ്ലിക്കേഷൻ ക്ലോസ്‌ ചെയ്ത്‌ അയാൾ വാഷ്‌ റൂമിലേക്കോടി. ഒരു ടോയ്‌ലറ്റ്‌ കാബിൻ തള്ളിത്തുറന്ന് തന്റെ മനസിൽ തികട്ടി വന്നതെല്ലാം മുൻപ്‌ കഴിച്ച ഭക്ഷണത്തിന്റെ ദഹിച്ച രൂപത്തിൽ ക്ലോസറ്റിലേക്ക്‌ ബെൻ ഓക്കാനിച്ചു. തൊണ്ട മുറിഞ്ഞ്‌ ചോര വന്ന് നാവിൽ ചോരയുടെ നനവറിയുന്നെന്ന് ബെന്നിന്‌ തോന്നി. തുപ്പിയപ്പോൾ ചോര തന്നെ. അല്ലെങ്കിലും തന്റെ മനസിൽ പൊടിഞ്ഞതും ചോര തന്നെയാണെല്ലോ. അതാവും തുപ്പിയതെന്ന് ബെൻ ആലോചിച്ചു. തലയിൽ ഭയങ്കര ഭാരം. ക്ലോസറ്റ്‌ ഷവർ എടുത്ത്‌ തലയിലൂടെ വെള്ളമൊഴിച്ചു. തണുത്ത വെള്ളം തലമുടിയിലൂടെ ഒഴുകിയിറങ്ങുമ്പോൾ ആരോ തണുത്ത വിരലുകൾ കൊണ്ട്‌ തലോടുകയാണെന്ന് തോന്നുംതെല്ലൊരാശ്വാസം, ആരോ അടുത്തുള്ള പോലെ. മടിയിൽ കിടക്കും പോലെ ക്ലോസറ്റിൽ തല വച്ച്‌ കണ്ണടച്ചു. എന്നാലും മനം പിരട്ടൽ മാറുന്നില്ല. അത്‌ തികട്ടി തികട്ടി വരുന്നു. എന്തൊക്കെയോ ചിന്തകൾ; ഓർമകൾ വയറ്റിൽ നിന്നു പൊങ്ങി മനസിലേക്ക്‌ ഇരച്ചെത്തുന്നു. ഒന്നും ഒട്ടും വ്യക്തമല്ല. വർഷങ്ങളും സംഭവങ്ങളുമൊക്കെ ഒരു ടൈം ട്രാവൽ സിനിമയിൽ അകപ്പെട്ട പോലെ എവിടെയൊക്കെയോ കറങ്ങി നടക്കുന്നു. ഒരു കറപ്റ്റഡ്‌ കമ്പ്യൂട്ടർ ഡിസ്ക്‌ പോലെ മനസ്‌ പ്രവർത്തിക്കുന്നു. എന്തൊക്കെയോ എവിടുന്നെക്കെയോ റീഡ്‌ ആകുന്നു, ഡിലീറ്റ്‌ ആകുന്നു, ഓർമകളിൽ ഗ്ലിച്ച്‌ ഉണ്ടാകുന്നു. ഇതൊരു സ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ബെൻ വല്ലാതെ ആഗ്രഹിച്ച്‌ പോയിഉറക്കം മാറി സ്വസ്ഥമായി എഴുന്നേൽക്കാമായിരുന്നു


മൊബൈൽ റിംഗ്‌ ചെയ്യുന്ന പോലെ തോന്നി ബെന്നിന്‌. അതിന്റെ ഓരോ ശബ്ദവും വളരെ അരോചകമാണ്‌. ഒരു ചീവീട്‌ ചെവിക്കുള്ളിൽ വന്ന് കരയും പോലെ. ചെറുതായി തുടങ്ങി ഉച്ചത്തിലേക്കെത്തുന്ന ചീവീട്‌ കരച്ചിലുകൾ. ഒന്നിനു പുറകേ ഒന്നായി വരുന്ന നൂറുകണക്കിന്‌ ചീവീടുകൾ. ഡെയ്‌ലി റിമൈൻഡറുകൾ, മെയ്‌ലുകൾ, ഫോൺ കോളുകൾ, വാട്സാപ്പ്‌ മെസേജുകൾ, ഫെയ്സ്ബുക്ക്‌, ഡെയ്‌ലി കലോറി, എക്സർസൈസ്‌ ആപ്ലിക്കേഷൻസ്‌, കോവിഡ്‌ ആപ്ലിക്കേഷൻ ... ഹോ! ഒരു വല പൊട്ടിച്ചെറിയുമ്പോൾ അടുത്ത വലയിൽ പെടും. നീളൻ കാലുകളുള്ള ഒരു ചിലന്തിയുടെ അറ്റമില്ലാത്ത വലയിൽ പെട്ടത്‌ പോലെ. തോന്നൽ അനു നിമിഷം കൂടി കൂടി വരുന്നു. ഒരു തീവണ്ടിച്ചൂളം പോലെ അത്‌ തലയിലേക്ക്‌ കൂക്കിപാഞ്ഞ്‌ കൊണ്ട്‌ ഇരച്ചെത്തുന്നു. പല പല ശബ്ദങ്ങൾ - പോലീസ്‌ സൈറൺ, ആമ്പുലൻസ്‌, ഭൂമിയെ മുഴുവൻ കത്തിക്കാൻ പോന്ന മിന്നലുകൾ, മിസൈലുകൾ അങ്ങനെ ഒരായിരം ശബ്ദങ്ങളുടെ കൂട്ടം


ബെൻ തന്റെ പോക്കറ്റിൽ കിടന്ന് കൂക്കി വിറയ്ക്കുന്ന ചീവീട് ഫോണിനെ എടുത്ത്‌ നോക്കി. അത്‌ തന്നെ നോക്കി കരയുന്നത്‌ പോലെ തോന്നി അയാൾക്ക്‌‌. പവർ ബട്ടൺ ശക്തിയായ്‌ അമർത്തി ഫോൺ ഓഫാക്കി മുന്നിൽ തുറന്ന് വച്ച വെള്ള തളിക പോലത്തെ ടൊയ്‌ലറ്റിലേക്കിട്ട്‌ ഫ്ലഷ്‌ അമർത്തി, ഒരുപാട്‌ വട്ടംഓർമകളുടെ ചുഴി പോലെ കറങ്ങുന്ന വെള്ളത്തിൽ ഫോണും മായാൻ പോകുന്ന മറ്റൊരോർമയായ്‌ ബെന്നിന്നു തോന്നി

No comments:

Post a Comment