Powered By Blogger

Saturday, November 9, 2019

ക്രൂശിതനും കുരിശും


'ഡാ ബെന്നി, കർത്താവിന് നിരക്കാത്ത വൃത്തികേടൊക്കെ ചെയ്യാൻ നിനക്ക് എങ്ങനെ കഴിയുന്നെടാ ?' തമ്പിച്ചായൻ കുറച്ച് ഉറക്കെ തന്നെയാണ് പറയുന്നത്. പള്ളിയിൽ കുർബാന കഴിഞ്ഞു പിരിയാതെ നിന്നവർ റെഡി വൺ ടു ത്രീ പറഞ്ഞു സ്റ്റെപ് വെയ്ക്കും പോലെ തിരിഞ്ഞു നോക്കി. ചാണകം ചവിട്ടിയവന്റെ തലയിൽ കാക്ക കാഷ്ടിച്ചത് പോലെയായി ബെന്നിയുടെ അവസ്ഥ. ചോര വാർന്ന് അവൻ തമ്പിച്ചായനെ നോക്കി. ദേഷ്യത്തോടെ നോക്കണമെന്നാണ് അവന്റെ മനസ് ആഗ്രഹിച്ചതെങ്കിലും ഇളിഭ്യതയുടെ കാഷ്ട നാറ്റം മൂലം ആ നോട്ടം വെറും ദയനീയതയിൽ പരിണമിച്ചു. തമ്പിയെ വിട്ട് തിരിഞ്ഞു നോക്കിയ ആ പള്ളി സംഘം പിന്നെ നോക്കിയത് ബെന്നിയുടെ മുഖത്താണ്. ബാക്ക്ഗ്രൗണ്ടിൽ പെരുമ്പറ കൊട്ടുന്നത് പോലെ ബെന്നിക്ക് തോന്നി. സ്വന്തം ഹൃദയമിടിപ്പായിരുന്നു അതെന്നു ബെന്നി മനസിലാക്കിയപ്പോഴേക്കും തമ്പി അടുത്ത ഗുണ്ട് പൊട്ടിച്ചു.

'ഡാ നീ വല്ലയിടത്തും പോയി കള്ളും കുടിച്ചിട്ട് വീട്ടി വന്ന് ശർദ്ദിച്ച് വച്ചാൽ പാവം നിന്റെ അപ്പനും അമ്മയും കെട്ടുപ്രായം കഴിഞ്ഞും കെട്ടാതെ നിൽക്കുന്ന നിന്റെ പെങ്ങൾക്കും അല്ലെ നാണക്കേട്. നീ ഇത് എന്താലോചിച്ചാ ? തുണി ഊരിപോയാൽ പോലും നീ അറിയില്ലേ ? അയ്യേ ശ്ശേ! നിന്റെ ഇട്ടാൽ പൊട്ടുന്ന പ്രേമവും മണ്ണാങ്കട്ടയുമൊക്കെ എന്തിനാടാ മറ്റുള്ളവർക്ക് കൂടെ തലവേദനയാക്കുന്നത് ? ' ഏതാണ്ട് ഒരു സൈഡ് നല്ലത് പോലെ മൊരിഞ്ഞിട്ട് തിരിച്ചിട്ട ദോശ പോലെ ആയി ബെന്നി. തമ്പിച്ചായൻ എല്ലാ വശവും മൊരിയിക്കാനുള്ള കഠിന ശ്രമത്തിലാണ്.

തന്റെ കൂടെ പത്ത് വര്ഷം കളിച്ച് , പഠിച്ച്  വളർന്ന തന്റെ ആദ്യ പ്രണയത്തെ മറ്റാരോ കെട്ടിക്കൊണ്ടു പോയതിന്റെ ദുഃഖഭാരത്തിൽ ബെന്നി ഏതോ ഒരു രാത്രിയിൽ രണ്ടെണ്ണം വീശി വീട്ടിൽ വന്ന് അപ്പവും മുട്ടയും ബീഫുമെല്ലാം ശർദ്ധിച്ച് വച്ചതിന്റെ ചുരുക്കെഴുത്ത് എവിടുന്നോ വായിച്ചിട്ടുള്ള തമ്പിച്ചായന്റെ പ്രകടനമാണ്. നാട്ടിലെ എല്ലാ വീട്ടിലെയും വലിയ വേണ്ടപ്പെട്ടദ്ദേഹമാണ് തമ്പിച്ചായൻ.  വീടുകളിൽ മാത്രമല്ല പള്ളിയിലും. പള്ളി എന്നത് പറയും മുൻപ് തമ്പി എന്ന പേര് പറയണം. തമ്പിക്കവല എന്നത് തമ്പിച്ചായന്റെ കുടുംബം ഉള്ളത് കൊണ്ട് പണ്ടേ വന്ന പേര് എന്നാണ് തമ്പിയും കൂട്ടരും എല്ലാവർക്കും ഹിസ്റ്ററി ക്ലാസ് കൊടുക്കുന്നത്, എങ്കിലും , കമ്പിത്തപാലാപ്പീസ് ഉണ്ടായിരുന്ന സ്ഥലമാണ്‌ അതെന്നും, അത് പോയപ്പോൾ ആ പേര് കമ്പിക്കവല ആയി എന്നും, എന്നാൽ ചില തൽപരകക്ഷികൾ അത് തമ്പി കവല എന്ന് മാറ്റി എന്നുമാണ് തമ്പിയുടെ എതിർ ടീംസ്‌ പറഞ്ഞു നടക്കുന്നത്.

അതെന്തുമാകട്ടെ, നമ്മുടെ ബെന്നി നിന്നിടത്ത് തന്നെ നിന്ന് തമ്പിയുടെ പലതരം അമ്പ്‌ കൊണ്ടുള്ള കുത്ത് കൊള്ളുവാണ് , നെഞ്ചിലും പുറത്തുമെല്ലാം ഇഞ്ചു വിടാതെ അമ്പ്‌ കൊണ്ട തോറ്റ പടയാളിയെപ്പോലെ. ഒന്നുമല്ലെങ്കിലും പള്ളിക്കകത്താണെന്ന ബോധം പോലും തമ്പിച്ചായനില്ലേ എന്നാലോചിക്കാൻ പോലുമാകാതെ നിൽക്കുകയാണ് ബെന്നി.

' ഡാ നീ ആ ഉണ്ണിയീശോയുടെ പടം നോക്കിയെടാ ... ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ക്രിസ്ത്യാനികളല്ലേ? നിനക്ക് നമ്മുടെ പെണ്ണുങ്ങളെ ഒന്നും കിട്ടിയില്ലേ പ്രേമിക്കാൻ ? ഇത് എത് ജാതി ആണെന്ന് പോലും അറിയാത്ത ഒരുവളെ. നാണമില്ലെടാ നിനക്ക്? ഒന്നുമല്ലേലും നിങ്ങടെ കുടുംബവഴിയിൽ ഉള്ള പ്രധാനികളെയെങ്കിലും ഓർക്കണ്ടേ ? നിനക്കൊക്കെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നതിന്റെ ഏനക്കേടാ. അല്യോടാ' അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയിട്ടതിന്റെ മുക്കാലോളം ഒരു പകുതി യൗവനം കൊണ്ട് ഭസ്മീകരിച്ച ഭസ്മാസുരനാണ് ഈ സാരോപദേശം നൽകുന്നത്. പറയുന്നത് തമ്പി ആയത് കൊണ്ട് അച്ചൻ അത്ര ഇടപെട്ടില്ല. പകരം അച്ചൻ സണ്ടേ സ്‌കൂളിൽ വന്ന പിള്ളേരെ നോക്കി ചെവികളിൽ മുട്ടുന്ന ഒരു ചിരിയും ചിരിച്ച്  കുരിശേൽ കിടക്കുന്ന യേശുഅപ്പച്ചനെ ചൂണ്ടി കാണിച്ച് ഒരു കുരിശും വരച്ച്  'വന്നേടോ  കപ്യാരെ' എന്നും പറഞ്ഞ് അത് വഴി ബ്രേക്ക് ഫാസ്റ്റിന് പോയി.

ബെന്നി ദയനീയമായി തമ്പിയെ നോക്കി. തമ്പി നീറിനെ പോലെ കടിച്ച്  ഇറുക്കി നിൽക്കുവാണ്. വിടുന്ന മട്ടില്ല. ഇതിന്റെയിടയ്ക്ക് ഒരു പെരുന്നാളിനുള്ള ആൾക്കാർ വന്ന് വെറുതെ പ്രാർത്ഥിക്കുകയും പോവുകയുമൊക്കെ ചെയ്യുന്നുണ്ട്. ഈ ഇടവകയിൽ ഇതിനും മാത്രം ആൾക്കാരോ എന്ന് അതിന്റിടയിലും ബെന്നി അതിശയിച്ചു. വരുന്നവരും പോകുന്നവരും കാണിക്ക വഞ്ചിയിലും ബെന്നിക്കും തംബിക്കുമൊക്കെ കാണിക്ക ഇടുന്നുണ്ടായിരുന്നു.

നീറിന് നിർത്താൻ ഭാവമില്ല ' ഡാ കുലംകുത്തി ബെന്നി, നിനക്ക് എന്നാ പ്രായമുണ്ടെടാ? നിന്റെ പ്രായത്തിൽ ഞാനൊക്കെ ....' എന്തോ പറയാൻ വന്ന തമ്പി ബാക്കി കിട്ടാത്തത് കൊണ്ടാകും മുഴുമിച്ചില്ല. പകരം ഒരു 'ഹും' പറഞ്ഞ് ആ സെന്റൻസിന് ഫുൾ സ്റ്റോപ്പ് ഇട്ടു. വാക്കുകൾ കൂടുതൽ കിട്ടാത്തത് കൊണ്ട് തമ്പി  അവിടമാകെ കണ്ണ് കൊണ്ട് പരതി. തമ്പിക്കണ്ണ് ചെന്ന് നിന്നത് നാട്ടിലെ ആസ്ഥാന ചിത്രകാരനായ കുന്നുംപുറം വർക്കി വരച്ച പ്രസിദ്ധമായ ക്രൂശിതനായ യേശുവിന്റെ ചിത്രത്തിലാണ്. ശത്രുവിനെ എതിരിടാനുള്ള പുതിയ ആയുധം കിട്ടിയ തമ്പിയുടെ ഉള്ളം ഉണർന്നു.

' ഡാ ആ കിടക്കുന്ന യേശുക്രിസ്തു നമുക്കെല്ലാം വേണ്ടിയാണ് ക്രൂശിലേറിയത് എന്ന് കരുതി ഒള്ള പാപം മൊത്തം പിന്നേം പിന്നേം ചെയ്യാനൊള്ള ലൈസെൻസൊന്നും നിനക്കൊന്നുമില്ല. അറിയാമോടാ, ആ ദൈവപുത്രൻ നിനക്കൊക്കെ വേണ്ടിയാടാ ജീവൻ ബലി നൽകിയത്. വല്ലപ്പോഴും ഒന്ന് ബൈബിളെങ്കിലും വായിക്കടാ ദാനിയേലിന്റെ മൂ മൂ മൂത്ത മോനെ ' ബെന്നിയുടെ കണ്ണിൽ കണ്ണുനീര് പൊടിഞ്ഞു. തല ഉയർത്താൻ പോലുമാകാതെ ബെന്നി നിന്നു.

ഠപ്പേ ... ന്നൊരു ശബ്ദം കേട്ടയിടത്തേക്ക് എല്ലാവരും ഞെട്ടിത്തിരിഞ്ഞു. തമ്പി പള്ളിയുടെ കാർപറ്റിൽ തല്ലിയലച്ചു കിടക്കുന്ന കാഴ്ചയാണെല്ലാവരും അവിടെ കണ്ടത്. ആർക്കുമൊന്നും മനസിലായില്ല. തമ്പി കിടന്നയിടത്ത്  നിന്ന് ദേഹം നിറയെ ചോരപ്പാടുകൾ ഉള്ള ഒരാൾ വെളിയിലേക്ക് നടന്ന് പോകുന്നത് എല്ലാവരും കണ്ടു. അയാളുടെ തലയിൽ മുള്ളുകൾ കൊണ്ടുള്ള ഒരു വളയം ഉണ്ടായിരുന്നു. കൈയിൽ ചാട്ടവാറും. കുന്നുംപുറത്തെ വർക്കി വരച്ച ക്രൂശിതയേശുവിന്റെ ചിത്രത്തിൽ നടുവിലെ കുരിശ് ഒഴിഞ്ഞു കിടക്കുന്നത് ബെന്നി അത്ഭുതത്തോടെ കണ്ടു.

1 comment: