"നീ വരുന്നുണ്ടോ ഇല്ലയോ?"
ഇതായിരുന്നു അയാളുടെ ആദ്യത്തെ ചോദ്യം.ചോദ്യമേ പ്രതീക്ഷിക്കാത്തത് കൊണ്ട് തെല്ലൊന്ന് പകച്ചു.
“ഇല്ല എന്ന് പറയാൻ കഴിയില്ലല്ലോ?” ഉത്തരം ഒരു വിധം പറഞ്ഞൊഴിഞ്ഞു.
“അതെന്താ?’ കുറച്ച് ദേഷ്യത്തിലുള്ള മറുചോദ്യം ഉടൻ വന്നു. മറുപടി ഒന്നും പറയാനില്ലാത്തതിനാൽ അന്നേരം മൗനം പൂകാനായിരുന്നു എന്റെ തീരുമാനം.
“പെട്ടന്നു പറയണം, എനിയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണ്.”
ഇതു കേട്ടാൽ തോന്നും ഇയാളിത് കഴിഞ്ഞു വേറെ ആരെയോ കൂടെ വിളിച്ചോണ്ട് പോകാൻ നിൽക്കുവാനെന്ന്. ഇത്തരം ചോദ്യങ്ങൾക്ക് ഉടനുത്തരം ലഭിക്കുമെന്ന് കരുതുന്നത് ശരിയാണോ? ആലോചിച്ചു നോക്കിയാൽ ഞാൻ ഇതിന് ഉത്തരം പോലും കൊടുക്കേണ്ടതില്ല. പക്ഷേ ജന്മനാ ഉള്ള വിധേയത്വ സ്വഭാവത്താൽ ആർക്കും ഉത്തരം നൽകാതെ ഇരിക്കാൻ കഴിയില്ല.
പക്ഷേ ഞാൻ അപ്പോൾ പറഞ്ഞത്;
“വരുന്നില്ല, നീ പൊയ്ക്കോ …”
അവന്റെ അന്ധാളിച്ച മുഖം കണ്ടിട്ടു എന്റെ മേലാകെ കോരിത്തരിച്ചു പോയി. ‘ഈശ്വരാ എത്ര നാള് കൂടിയാ ഒരാളോടു ഇങ്ങനെ കടുപ്പിച്ചു പറയുന്നത് !’ ആലോചിച്ചപ്പോൾ കൂടുതലായി കുളിർമയുള്ള ഒരു തണുപ്പ് ദേഹത്ത് പടർന്ന് കയറി.
“ദേവൂ … അല്ലാ, എന്താ നീ ഇങ്ങനെ?” പതറിപ്പോയ അവൻ ചോദിച്ചു.
‘ഹാ! എനിയ്ക്ക് പ്രയോറിറ്റി കിട്ടിയിരിക്കുന്നു, ആദ്യമായി. ഞാൻ കുറച്ചു പടികൾ അവനിൽ നിന്നും വളർന്നിരിക്കുന്നു. അവനൊപ്പം എത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്നെ തകർത്ത് താഴേക്കിടുകയായിരുന്നു അവനെപ്പോഴും. പക്ഷെ, ഇതിപ്പോൾ ഇതാ വെറും ഒരു മറുപടി കൊണ്ട് ഞാൻ ഒരുപക്ഷേ ആനേകം പടികൾ തന്നെ അവനിൽ നിന്നും കയറിരിക്കുന്നു. അതിൽ പരിഭ്രമിച്ച് അവന്റെ വാക്കുകൾ തന്നെ പതറിപ്പോയിരിക്കുന്നു. ഒരു വല്ലാത്ത സന്തോഷം തോന്നുന്നു. ഈ അവസ്ഥയിൽ വിരോധാഭാസമാണെങ്കിൽ പോലും ക്ലിയോപാട്രയുടെയൊക്കെ മാനസികവിചാരങ്ങൾ എനിയ്ക്ക് ഇപ്പോൾ മനസിലാകുന്നു. കെട്ടുകൾ, ചങ്ങലകൾ പൊട്ടുമ്പോൾ, അല്ല പൊട്ടിക്കുമ്പോൾ വല്ലാത്തൊരു സന്തോഷമില്ലേ? ആ അനുഭവപ്പെടലാണ് ഇത്.
“ഇല്ല, എന്ന് തന്നെ. ഞാൻ വരുന്നില്ല. നീ ഒറ്റക്ക് പൊയ്ക്കോളൂ!” അതിലെ ‘നീ’ ഒന്ന് കടുപ്പിച്ചു തന്നെ പറഞ്ഞു വച്ചു.
അവൻ ആകെ ഉടഞ്ഞ് പോയത് പോലെ തോന്നി. പടക്കളത്തിൽ നിരായുധനായിപ്പോയ പടയാളിയെപ്പോലെത്തോന്നിച്ചു അവന്റെ മുഖം. സാധാരണ സമാന അവസരങ്ങളിൽ ഞാൻ സ്വയം താഴോട്ടു ചെന്ന് അവരെ സന്തോഷിപ്പിക്കുകയും സമാധാനിപ്പിക്കുകയും ആണ് ചെയ്യാറ്, തെറ്റ് എന്റെ ഭാഗത്തല്ലെങ്കിൽ കൂടെയും. അല്ലെങ്കിൽ അവർക്ക് വിഷമം ആകുമോ എന്ന ശുംഭൻ വികാരം എന്നേ വേട്ടയാടിക്കൊണ്ടേയിരിക്കും. പക്ഷേ ഇന്ന് ഞാൻ അങ്ങനെ ഒന്നും തന്നെ പറഞ്ഞില്ല. എന്റെ ബുദ്ധിയില്ലാ മണ്ടൻ വികാരത്തെ സ്വത്വബോധത്തിന്റെ ചെരിപ്പാൽ ചവുട്ടിത്താഴ്ത്തുകയാണ് ഞാനപ്പോൾ ചെയ്തത്, അതും ഒരു വല്ലാത്ത ആനന്ദത്തോടെ.
“നീ ശരിക്കും ആലോചിച്ചാണോ പറയുന്നത്?” അവൻ വീണ്ടും ഇടറി ചോദിച്ചു.
“അതേ, ആലോചിക്കാനൊന്നും ഇനി ബാക്കിയില്ല, നേരവുമില്ലെന്നിക്ക്. നിനക്ക് വേറെ എന്തൊക്കെയോ ചെയ്യാൻ ബാക്കിയില്ലേ ? അതൊക്കെ പോയി ചെയ്യു. ഞാൻ പോയി കഴിക്കട്ടെ, നല്ല വിശപ്പ്. നിനക്കും വിശക്കുന്നുണ്ടെങ്കിൽ വന്നോളു. കുറച്ച് ചോറും ചിക്കനും ഉണ്ട്.”
അവന്റെ വിശപ്പിനെ തന്നെ കെടുത്തുന്ന ഉത്തരങ്ങൾ ആദ്യമേ അവന് കൊടുത്തത് കൊണ്ട് എനിക്കറിയായിരുന്നു അവൻ എന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിക്കുമെന്ന്. പക്ഷേ എന്റെ തോന്നലുകളെ അട്ടിമറിച്ചു കൊണ്ടവൻ പറഞ്ഞു.
“കഴിക്കാം, വിശക്കുന്നു എനിക്കും.”
അകത്തേക്ക് കഴിക്കുവാൻ നടക്കുന്ന എന്റെ പുറകെ അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെ പോലുള്ള അവന്റെ നടത്തം ഹാളിലെ വാഷ്ബേസിന്റെ ഗ്ലാസ്സിലൂടെ കണ്ടപ്പോൾ എന്റെ ഉള്ളിൽ നിന്നും അതു വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ചിരി അണപൊട്ടി പുറത്തേക്ക് വന്നു.