Powered By Blogger

Monday, January 30, 2012

ജീവിതം - വെറുതെ ജീവിച്ചിരിക്കല്‍ മാത്രം



സൂര്യന്റെ വെളിച്ചം ചൂടായി മുഖത്തേക്ക് പടര്‍ന്നപ്പോഴാണ് എന്റെ കണ്ണുകള്‍ തുറന്നത്. പക്ഷേ സ്നേഹത്തിന്റെ ചൂട്പറ്റി മടിപിടിച്ച് ഉണരാതെ ഉണര്‍ന്ന് കിടക്കാന്‍ ഒരു സുഖം തന്നെയാണ്. എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകള്‍ എടുത്തു മാറ്റുവാന്‍ ഒരിയ്ക്കലും തോന്നില്ല. അവയുടെ ചൂട്, മര്‍ദ്ദവം - എല്ലാം എനിക്കു വേണം; മരണം വരെ.

ആ സുഖനിദ്രയില്‍ ആഴ്ന്നു കിടക്കുന്ന കണ്ണുകള്‍ സ്വപ്നങ്ങള്‍ - സുന്ദര സ്വപ്നങ്ങള്‍ - കാണുകയാണെന്ന് എനിക്കറിയാം. ഒരു ചുംബനത്തിന് വേണ്ടിയാണോ അവ കാക്കുന്നത് ?- അറിയില്ല. പക്ഷേ എന്റെ നെഞ്ചില്‍ വീഴുന്ന ഈ ചൂടുനിശ്വാസങ്ങള്‍ എന്തേ എന്നില്‍ തണുപ്പ് മാത്രം പകരുന്നു?

ജീവിതത്തില്‍ ഒറ്റപ്പെടുന്നു എന്നു തോന്നുമ്പോഴെല്ലാം ഞാന്‍ ഇവിടെക്കാനെല്ലോ എത്തുക! സമയം കടന്നു പോകുന്നതറിയില്ല, ആശ്വാസത്തിന്റെ ഒരു അദൃശ്യ വലയം, സ്പര്‍ശം എന്നെ പൊതിയുന്നത് ഞാന്‍ അത്ഭുതത്തോടെ അറിയും-  മാന്ത്രികമാണ് ആ സ്പര്‍ശം. ആ മിഴികള്‍ - അവയുടെ ഭാഷ - അവ ശബ്ദങ്ങള്‍ക്ക് മാത്രമോ സ്വന്തം?

ഒരിയ്ക്കലും കേള്‍ക്കാത്ത ആ ശബ്ദം ഞാന്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ എന്തേ കാരണം? അടുത്തും അകലയുമല്ലാത്ത, അര്‍ഥവും അര്‍ത്ഥവും ഇല്ലാത്ത ബന്ധം. അത് ഏത് അറ്റം വരെയും നീളും. ഞാന്‍ ഞാനല്ലാതാകുന്നതും ഞാന്‍ ഒരുപാട് ഉയരുന്നതും എല്ലാം ഇവിടെ മാത്രം. കണ്ണുകളുടെ ഭാഷ ലളിതവും സത്യസന്ധവും ആണെന്ന് ഞാന്‍ മനസിലാക്കുന്നു. കാണുകളാല്‍ ആഗ്രഹിച്ചത് ശരീരം സ്വന്തമാക്കിയപ്പോള്‍ , പിന്നീട് മനസ്സ് അകലാന്‍ പിടഞ്ഞതും - എല്ലാം ഒരിക്കല്‍ മാത്രം - എന്നെന്നേക്കുമായി... വെറും കൌതുകം മാത്രമായിരുന്നത് എന്റെ ജീവിതമായി മാറി. ജീവിതം എന്നോടു ചെയ്തത് ഒന്നുമല്ല എന്ന തോന്നല്‍, അതോ സത്യമോ? മനസിന്റെ ഉള്ളില്‍ എവിടെയോ ഒരു നനുനനുപ്പ്, കണ്ണിന്റെ കോണില്‍ ഒരിറ്റു കണ്ണീര്‍ - ഇവയെല്ലാം ഞാന്‍ തിരികെ മേടിക്കുകയായിരുന്നു. ജീവിതത്തോട് - ബലമായി തന്നെ. ഇവയൊന്നും ഒരിയ്ക്കലും മാറില്ലെന്നും മാറ്റില്ല എന്നും ഞാന്‍ വാശി പിടിച്ചു; വെല്ലുവിളിച്ചു. ചില വേദനകള്‍ ആഗ്രഹങ്ങളാണ്, ഒരുപക്ഷേ സന്തോഷം തരുന്നവ.

ജീവിതത്തെ ഒരു നൂലിഴ കൊണ്ട് അളക്കാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ ഏറ്റവും ദൂരങ്ങള്‍ അളന്നു കഴിഞ്ഞിരിക്കും എന്നു തോന്നുന്നു. ബാക്കി എത്ര ? അറിയില്ല. തീരുമ്പോള്‍ തീരുമ്പോള്‍ അവ കൂട്ടിക്കെട്ടന്‍ കഴിഞ്ഞിരുന്നെങ്കില്‍. തൊടാന്‍ ആഗ്രഹിച്ച അധരങ്ങളെ അറിഞ്ഞപ്പോള്‍ ജീവിതം, കാലം എല്ലാം എന്റെ മുന്നില്‍ അടിയറവ് പറഞ്ഞെന്ന് വെറുതെ അഹങ്കരിച്ചു. ജീവിതം വെറും ജീവിച്ചിരിക്കലാണെന്ന് ബോദ്ധ്യമായതു വളരെ വൈകിയാണ്. എന്നാലും ജീവിതത്തിന്റെ രസച്ചരട് ഇതുവരെ പൊട്ടാതെ കാക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.

എന്നെ മുറുകെപ്പിടിച്ചിരിക്കുന്ന ഈ കൈകള്‍ അയഞ്ഞാല്‍, അല്ലെങ്കില്‍ ഞാന്‍ ശ്വസിക്കുന്ന ഈ ജീവന്‍ പെട്ടന്നു അവസാനിച്ചാല്‍, ജീവിതം അതിന്റെ യാത്ര വീണ്ടും തുടങ്ങും. ഇതുവരെ പറഞ്ഞത്, ചിന്തിച്ചത് എല്ലാം മാറി മാറിയും. ചിന്തകള്‍ വിഘടിക്കും. അവ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണം ആരംഭിക്കും. നിര്‍വചനങ്ങള്‍ അനവധി വരും. അത് ന്യൂക്ലിയര്‍ ഫിഷന്‍ പോലെ ഒന്നില്‍ നിന്നു രണ്ടും, രണ്ടില്‍ നിന്നു നാലും പിന്നീട് അവയുടെ ഗുണിതങ്ങളുമാകും. അത് വരെ ഞാന്‍ ഈ നിശ്വാസത്തെ, ഈ സ്നേഹത്തെ ഇറുകെ പിടിച്ചോട്ടെ - ഒരുപാട് ഇറുകെ.