Powered By Blogger

Tuesday, October 25, 2011

തൃശങ്കു...


അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അതിരാവിലെ കൂട്ടുപണിക്കാര്‍ എല്ലാവരും പാലായ്ക്കു പോകാന്‍ റെഡിയായി എത്തി- ചിലര്‍ ഇണക്കുരുവികളായി, മറ്റുചിലര്‍ വല്ലപ്പോഴും മാത്രം മങ്കന്‍മാരും മങ്കകളും ആകാനുള്ള സാഹചര്യം അതിന്റെ അറ്റം വരെ ചൂഷണം ചെയ്തും, ചിലര്‍ മിക്സും മിക്സ്ചറും കെട്ടിപ്പൊതിഞ്ഞും കൃത്യസമയത്ത് തന്നെ ഹാജരായി. എല്ലാവര്ക്കും ഒരേ ലക്ഷ്യം- എക്സ്പയറി ഡേയ്റ്റ് കഴിഞ്ഞിട്ടും പുര പൊളിച്ച് പിന്നേം വളരാന്‍ സാധ്യതയുള്ള മറ്റൊരു കൂട്ടുപണിക്കാരന്റെ കല്യാണത്തില്‍ പങ്കെടുക്കുക, അതില്‍ ഉപരി ഒരു ഞായറാഴ്ച ദിനം പൊളിച്ചടുക്കി മടക്കി തലയില്‍ വെച്ചു തിരിച്ചു വരിക. അല്ലെങ്കില്‍ വഴിയില്‍ തന്നെ വാള്' വെച്ചു കളയുക.

വഴിയില്‍ ബോറടിക്കാതിരിക്കാന്‍ ചില പാട്ടുകാര്‍ (ഒരു ദിവസത്തെ മാത്രം) ശ്രുതിയും അപശ്രുതിയും സംഗതിയും സമാസമം ചേര്‍ത്ത് പാടി തകര്‍ത്തു. ആരോഹണവും അവരോഹണവും ഏതെക്കെയോ വഴിയില്‍ കൂടി വേലി ചാടി ഓടിയെങ്കിലും ട്രിപ് ഗൈഡ് തൊട്ട് മിക്സ് അടിയന്‍മാര്‍ വരെ പാട്ട് പാടി, ആസ്വദിച്ച് ആ യാത്ര മനോഹരമാക്കി...

ഏതാണ്ട് മുക്കാല്‍ മുക്കാലര ദൂരം എത്തിയെപ്പോള്‍ ആണായിപ്പിറന്ന ചില യാത്രക്കാരെ കലശലായ 'എന്തോ' ശങ്കിച്ചും ശങ്കിക്കാതെയും മുട്ടി വിളിച്ചു. ഉടന്‍ തന്നെ ട്രിപ് ഗൈഡ് ഡ്രൈവരോടു പറഞ്ഞു താരതമ്യേന ജനവാസം കുറഞ്ഞ ഒരിടത്ത് വണ്ടിക്ക് സഡന്‍ ബ്രേക് ഇടുവിച്ചു. മുട്ടല്‍ ഒരു വല്യ ബുദ്ധിമുട്ടായവര്‍ ആദ്യമേ ചാടി ഇറങ്ങി. ഒരു താറാവ് പോകുന്നതിന്റെ പുറകെ വരി തെറ്റാതെ പോകുന്ന കൂട്ടത്തിനെ പോലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ മറ്റുള്ള ആണന്മാരും ചാടി ഇറങ്ങി. കസേരകളിക്ക് ഓടുന്നത് പോലെ എല്ലാവരും തലങ്ങും വിലങ്ങും ഓടി കുറ്റിച്ചെടികള്‍ക്കും പോസ്റ്റുകള്‍ക്കും മറവിലായി തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി. ഒരു വഴി അരിക് മുഴുവന്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ആണുങ്ങളുടെ ഒരു വല്യ മതില് തന്നെ ഉണ്ടായി പെട്ടെന്നു.

എന്നാല്‍ വഴി അരികില്‍ തന്റെ ഒരു രഹസ്യവും പരസ്യം ആകരുത് എന്നു നിര്‍ബന്ധമുള്ള ഒരു അദ്ദേഹം തന്റെ സ്വകാര്യത സംരക്ഷിക്കാനായി ഒരു ഇടം തേടി അലഞ്ഞു തുടങ്ങി. അവസാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു ഇടം കിട്ടി.. വിജനമായ ഒരു വഴി ... ഒരു കാക്കക്കുഞ്ഞു പോലും അത് വഴി വരില്ല എന്നു അദ്ദേഹത്തിന് ഉറപ്പ് ഉണ്ടാക്കിയ ഒരു വഴിയുടെ തുടക്കം ആയിരുന്നു അത്. മാന്യദേഹം സന്തോഷത്തോട് കൂടെ തുടങ്ങുകയായിരുന്നു... എവിടെയോ മണി അടിക്കുന്ന ഒരു ശബ്ദം കേട്ടോ എന്നദ്ദേഹത്തിനു ഒരു സംശയം..  അത് വെറും സംശയം ആയിരിയ്ക്കും എന്നു കരുതി അദ്ദേഹം തന്റെ കര്‍ത്തവ്യം തുടര്‍ന്നു.  പൊടുന്നനെ കണ്ട കാഴ്ച അദേഹത്തിന്റെ ദേഹത്തിനെ തളര്‍ത്തി....കെട്ടഴിച്ചു  വിട്ട പശുക്കൂട്ടത്തെ പോലെ ആ വഴിയിലെ ഒരു ഇടവഴി തിരിഞ്ഞു (പണ്ടാരം അടങ്ങാന്‍ ഈ ഇടവഴി എപ്പോള്‍ ഇവിടെ ഒണ്ടായി?!) ഒരു കൂട്ടം ആളുകള്‍ വരുന്നു....  അവര്‍ക്ക് അഭിമുഖമായി ഈ മാന്യദേഹവും!

തളര്‍ന്ന ദേഹമാണെങ്കിലും പുള്ളി മനസില്‍ ഇങ്ങനെ ഓര്‍ത്ത് കാണണം . .  "പുല്ല്...... പള്ളിക്ക് പിരിയാന്‍ കണ്ട സമയം.. @#$$%%"