
അളിയനെ സമ്മതിക്കണം, ഗിയര്‍ ഉള്ള 100 സി സി വണ്ടി പോലും അന്ന് നേരെ ഓടിക്കാന്‍ അറിയാത്ത എന്റെ കൈയില്‍ ആ ബുള്ളെറ്റ് തന്നു വിട്ടതിനു.
എന്റെ ബുള്ളെറ്റ് യാത്രകള്‍
1 . ആദ്യമായി അതില്‍ തൊട്ടും തലോടിയുമൊക്കെ നിന്നപ്പോള്‍ അളിയന്‍ പറഞ്ഞു, "വേണമെങ്കില്‍ ഓടിച്ചു നോക്കിക്കോ " . എന്നാല്‍ പിന്നെ അങ്ങനെ എന്ന് ഞാനും കരുതി. കുറച്ക് ധൈര്യം കടമായി വാങ്ങി അളിയന്‍ പറഞ്ഞു തന്ന തിയറിയും ഓര്‍ത്തു കൊണ്ട് എന്റെ അടുത്ത സുഹൃത്തിനെ ഞാന്‍ പുറകില്‍ എടുത്തു വച്ചു. പുള്ളിയേയും (എന്റെ സുഹൃത്തിനെ) സമ്മതിക്കണം, ഞാന്‍ എങ്ങനെ വണ്ടി ഓടിച്ചാലും പുള്ളി ഒരു പേടിയും കൂടാതെ പുറകില്‍ ഇരുന്നു കൊളളും. അവിടെ അങ്ങനെ ഒരു ആളുണ്ടന്നെ തോന്നില്ല. ( അദ്ദേഹം ഇപ്പോള്‍ കാറും കോളും നിറഞ്ഞ സമയത്ത് കടലില്‍ കൂടെ അമ്മാനമാടുന്ന കപ്പലില്‍ കൂള്‍ ആയി പാട്ടും പാടി ജോലി ചെയ്യുന്നു - എന്നെ സ്തുതിക്കുന്നുണ്ടാകും)
അങ്ങനെ ഫസ്റ്റ് ഗിയര്‍ ഇട്ടു, വീട്ടില്‍ നിന്നും ഒരു കുത്ത് ഇറക്കമാണ്. സകല ദൈവങ്ങളെയും വിളിച്ചു മുന്നോട്ടു നീങ്ങി. ബ്രേക്ക് എങ്ങാനും കിട്ടിയില്ലെങ്കില്‍ നേരെ ആശുപത്രിയില്‍ ചെന്നേ നില്‍ക്കൂ, കാരണം ഇറക്കം തീരുന്നിടത്താണ് ആശുപത്രി. എന്തായാലും വണ്ടി മുന്നോട്ടു തന്നെ പോകുന്നുണ്ട് ... ആദ്യ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഗിയര്‍ മാറുന്ന കാര്യം ഓര്‍ത്തു. പടെ പടേന്ന് 2 -3 - 4 ഗിയര്‍ അങ്ങ് മാറി.. ഇതിന്റെ ഇടക്കെല്ലാം നൂട്രല്‍ കൊണ്ട് വച്ച എന്‍ഫീല്‍ഡ്കാരന്മാരെ തല്ലണം. ഇതിനി തിരിച്ച എങ്ങനെ ഇടും? ഒരു പിടിയുമില്ല.. ഈശ്വരന്മാരെല്ലാം കൂടെ മുകളില്‍ നിന്ന് നോക്കി ചിരിക്കുണ്ടാവും. കാലന്‍ മാത്രം അടുത്തെങ്ങാനും ചുറ്റി തിരിയുന്നുണ്ടാവും. ബുള്ളറ്റിന്റെ ശബ്ദവും എന്റെ ഹൃദയമിടിപ്പും ഏതാണ്ട് ഒരേ താളത്തിലായി. നാണക്കേട് കാരണം പുറകില്‍ ഇരിക്കുന്നവനോട് പറയാനും പറ്റില്ല. അവിടെ അങ്ങനെ ഒരാളുണ്ടന്നെ എനിക്ക് അറിയാന്‍ പാടില്ല. എന്തായാലും എങ്ങനെ ഒക്കെയോ വണ്ടി ഒരുവിധം നാലാമത്തെ ഗിയറില്‍ തന്നെ ഓടിച്ചു 4 കിലോമീറ്റര്‍ അകലെയുള്ള മ്യുസിയത്തിന്റെ അടുത്തുള്ള ശശി അണ്ണന്റെ (ശരിക്കും അത് തന്നാ പേര് ) ചായക്കടയുടെ മുന്നില്‍ എത്തിച്ചു.
കുറച്ച നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഏതാണ്ട് എക്സ്പെര്‍ട്ട് ആയി. വീട്ടില്‍ ഇരുന്നു വെറുതെ തീറ്റി ആയതു കൊണ്ട് അത്യാവശ്യം തടിയും വച്ചു, "നീ ബുള്ളറ്റില്‍ ഇരിക്കുന്നത് കാണാന്‍ നല്ല ചേര്‍ച്ച ഉണ്ട് " എന്ന സുഹൃദ് വാക്യങ്ങളില്‍ വിശ്വസിച്ചു കുറച്ച ആത്മവിശ്വാസവും കൂടിയ സമയം. (അവന്മാര്‍ കളിയാക്കിയതാണോ എന്ന് പിന്നീട് പല പ്രാവശ്യവും എനിക്ക് തോന്നിയിട്ടുണ്ട്)
2. വേറൊരു ജങ്ക്ഷന്‍ : നല്ല ഗമയില്‍ അങ്ങനെ പോകുമ്പോള്‍ ഏതോ രണ്ടണ്ണം പുതിയ ഒരു ബൈക്കില്‍ മുന്നില്‍ വന്നു ചാടി. "കടും പുടും" എന്ന ശബ്ദത്തോടൊപ്പം "അയ്യോ" എന്നും "എന്റമ്മേ" എന്നും രണ്ടു ശബ്ദങ്ങള്‍ കൂടെ കേട്ടു. അതില്‍ "അയ്യോ" എന്നത് വീണതില്‍ ഒരുത്തന്‍ വിളിച്ചതായിരുന്നു. ബുള്ളറ്റ് സ്റ്റാന്‍ഡില്‍ ഇട്ടു തെക്കോട്ടും വടക്കോട്ടും നോക്കി കിടക്കുന്നവന്മാരെ നോക്കി, ജഗന്നതവര്മക്ക് ശെന്തില്‍ ഡബ് ചെയ്ത പോലത്തെ ശബ്ദമാണ് എങ്കിലും, അന്നേരം ലെവല്‍ അഡ്ജസ്റ്റ് ബാസ് കയറ്റി ചോദിച്ചു "എന്തെങ്കിലും പറ്റിയോ?" . എന്താണെന്നു അറിഞ്ഞു കൂടാ, നടുവും താങ്ങി എണീറ്റ ഒരുത്തന്‍ .." ഏയ് ഒന്നും പറ്റിയില്ല" എന്നുത്തരം പറഞ്ഞു. ആ ബലത്തില്‍ "വേണമെങ്കില്‍ ആശുപത്രിയില്‍ പോകാം" എന്ന് ഞാനും. എങ്ങാനും പോകേണ്ടി വന്നാല്‍ തെണ്ടി പോയെനേം. അഞ്ചിന്റെ പൈസ കണ്ടവനെ കണ്ടിട്ട് നാളുകളായിരുന്ന സമയം. എന്റെ ഭാഗ്യത്തിന് ഇതിന്റിടെക്ക് കയറിക്കൂടിയ ചില ഓട്ടോ സുഹൃത്തുക്കള്‍ ... " സാറ് പൊക്കോ ഇത് ഇവന്മാരുടെ കുഴപ്പമാ" എന്നും പറഞ്ഞു. എന്തായാലും തടി കേടാകാതെ രക്ഷപ്പെടുത്തിയത് സത്യം പറഞ്ഞാല്‍ ബുള്ളറ്റ് തന്നെയാ. ഒരു കാര്യം പറയാന്‍ വിട്ടു .വീണ സമയം "എന്റമ്മേ" എന്നത് ഞാനായിരുന്നു വിളിച്ചത്, സ്റ്റാര്‍ട്ട് ആകിയ ബുള്ളറ്റ് പിന്നെ, പിന്നീട് ഡോക്ടര്‍ ആയ എന്റെ സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് നിന്നു. അവനോടു സെന്തില്‍ മൊഴിഞ്ഞു " ഒരു ഗ്ലാസ് വെള്ളം"
3 . ഇപ്പൊ ഞാന്‍ കിടില്ലം ആയി മാറിയ സമയം ആണ്. എന്ന് വെച്ചാല്‍ നന്നായി ബുള്ളെറ്റ് ഓടിക്കും. ബുള്ളറ്റ് ഓടിച്ചു പോകുന്ന എന്നെ കണ്ടാല്‍ എനിക്ക് തന്നെ കൊതി വാരും.. ഹോ... അന്നും പ്രത്യേകിച്ച് പണി ഒന്നും ആയിട്ടില്ല. പ്രധാന പണി, നഗരവീക്ഷണം ആണ്.. അഥവാ തെണ്ടിത്തിരിയാല്‍ .
അന്ന് മറ്റൊരു സുഹൃത്തായിരുന്നു പുറകില്‍. കക്ഷി ഇത്തിരി ഭാവിയെ കുറിച്ചൊക്കെ ചിന്തിക്കുന്ന ആള്‍ ആണ്, അതായാത് നമ്മളെ പോലെ അല്ല എന്നര്‍ത്ഥം. നമ്മുടെ ഭാവി ചോറ് അടുപ്പില്‍ വേകണോ വേണ്ടയോ എന്ന് ചിന്തിച്ചു തിളച്ചു മറിയുന്ന കാലം. അന്നത്തെ സായാഹ്നം ബീച്ചിലോട്ട് ആകട്ടെ എന്ന് ഞങ്ങള്‍ കരുതി. ബുള്ളറ്റ് ബീച്ചിലോട്ട് പറപ്പിച്ചു. അവിടെ എത്താറായപ്പോള്‍ അതാ കിടക്കുന്നു ശകുനം മുടക്കി.. പോലീസും പിന്നെ മൊബൈല്‍ കോര്‍ട്ടും. പോരെ പൂരം! കൈയില്‍ എപ്പോഴത്തെയും പോലെ ഒരു പൈസയും ഇല്ല. ഉള്ളതിനാനെങ്കില്‍ പെട്രോളും അടിച്ചു. പിന്നെ വണ്ടിയുടെ ബുക്കും പേപ്പറും... ഇല്ലേ ഇല്ല. അത്രയും സന്തോഷം. പിടിച്ചാല്‍, വണ്ടി കൊടുത്തു നമസ്തേയും പറഞ്ഞു പോന്നാല്‍ മതി. ചേട്ടന്മാര് കൈ കാണിച്ചു വണ്ടി നിര്‍ത്തി. ബുക്കും പേപ്പറും എടുത്തു ഏമാനെ കാണാന്‍ പറഞ്ഞു. ഏമാന്‍ ആണെങ്കില്‍ ഭയങ്കര ബിസി. ഒരുപാടു ആളുകള്‍ ചുറ്റിനും കൂടി നില്‍ക്കുന്നു. ഏമാന്‍ ബുക്കും പേപ്പറും നോക്കി ഓട്ടോഗ്രാഫ് ഇടുംപോലെ എന്തൊക്കെയോ എഴുതുന്നുണ്ട് . ചിലരെ തെക്കോട്ടും ചിലരെ വടക്കോട്ടും പറഞ്ഞു വിടുന്നുണ്ട്. എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല. സുഹൃത്തിനെ കൂട്ടി ഉള്ള ബുക്കും പാറ്റ കരണ്ടിയതിന്റെ ബാക്കി പേപ്പറും ആയി ഞാന്‍ സാറിനെ കാണാന്‍ ചെന്നു . അവിടാണെങ്കില്‍ പൂരത്തിന്റെ തിരക്ക്. അന്നേരം ഒരു ഐഡിയ തലയില്‍ മിന്നി. സാറിനെ കാണാതെ ഇടയ്ക്കൂടെ പോയാലും ചിലപ്പോള്‍ ആരും അറിയില്ല. ഞാന്‍ അവിടെ ചുറ്റിപ്പറ്റി കുറച്ച നേരം നിന്ന ശേഷം പെട്ടന്ന് ബുക്കും പേപ്പറും ഒക്കെ മടക്കി..തെക്കോട്ട് നടന്നു മൊബൈല്‍ കോര്‍ട്ടിനെ വലം വച്ചു എന്റെ വണ്ടിയുടെ മുകളില്‍ കയറി ഇരുന്നു. വണ്ടി സ്റ്റാര്‍ട്ട് ആകിയപ്പോള്‍ പുറകില്‍ നിന്നു ഒരു പിടുത്തം. എന്റെ നല്ല ജീവന്‍ പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ സുഹൃത്ത്. "കയറ്" ഞാന്‍ അവനോടു പറഞ്ഞു. "അപ്പൊ ബുക്കും പേപ്പറും കാണിക്കുന്നില്ലേ?" അവന്റെ ചോദ്യം! എന്റെ തലയില്‍ എവറസ്റ്റ് വീണ പോലെ തോന്നി എനിക്ക്. ഈശ്വര ഇത്രയും നല്ല ആളുകള്‍ ഭൂമിയില്‍ ഉണ്ടോ എന്ന് തോന്നിപ്പോയി. "നമ്മള്‍.... കാ...ണിച്..ല്ലോ " വിറച് വിറച് ഞാന്‍ പറഞ്ഞു. അവന്‍ വിടുന്ന മട്ടില്ല. "എപ്പോ... ഞാന്‍ കണ്ടില്ലെല്ലോ" . ഞാന്‍ രജനികാന്ത് ആയിരുന്നെങ്കില്‍ ആ ബുള്ളറ്റ് പൊക്കി അവന്റെ തലയില്‍ അടിച്ചേനെ. " അതൊക്കെ ഞാന്‍ കാണിച്ചു.. ബാ കയറ് .." അവനെ ഒരു വിധം വലിച്ചു കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അപ്പുറത്ത് നില്‍ക്കുന്ന പോലീസുകാര്‍ കേള്‍ക്കാന്‍ ഉറക്കെ ഞാന്‍ അവനോടു പറഞ്ഞു " വണ്ടിയുടെ ഇന്ഷ്വറന്‍സ് ഇന്നലെ അടച്ചത് ഭാഗ്യമായി".. മുന്നോട്ടു പോകുന്ന വണ്ടിയുടെ പിന്നില്‍ ഇരുന്നു അവന്‍ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു... "ഞാന്‍ കണ്ടില്ലെല്ലോ എപ്പോ കാണിച്ചു..?"