
അത്ര സ്പീഡ് ഒന്നുമല്ലായിരുന്നു പക്ഷെ അടിച്ചു കിട്ടി.... 100 രൂപ. സ്പീഡിനു മാത്രമല്ല overtaking നും പെറ്റി അടിച്ചു കിട്ടും കേട്ടോ..
സാധാരണ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം, പാലിക്കപ്പെടണം എന്ന താല്പര്യം ഉള്ള ആളാണ് ഞാന്‍ , സത്യമായിട്ടും അതെ. നിയമം പാലിക്കാന്‍ വേണ്ടി ഒരു ഓട്ടോ സുഹൃത്തിന്റെയും പോലിസ് ചേട്റെന്റെയും വായില്‍ നിന്ന് നല്ല തെറി കേള്‍ക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ കൂടെയാണ് ഞാന്‍ . സ്ഥിരമായി സിഗ്നല്‍ ഉള്ള ഒരു ജങ്ക്ഷനില്‍ , എന്നാല്‍ അന്ന് തെളിയാത്ത കിടന്ന സിഗ്നലിനു മുന്നില്‍ "പച്ച" തെളിയാന്‍ കാത്തു കിടന്ന എനിക്ക് നല്ലൊരു ട്രാഫിക് പോലിസ് ചേട്ടന്‍ "എടുത്തോണ്ട് പോടാ നിന്റെ ..... " എന്ന് പറഞ്ഞത് ഇന്നും മായാതെ മറയാതെ , (അ)സുഖമുള്ള ഒരു ഓര്‍മയായി മനസ്സില്‍ കിടപ്പുണ്ട്. പിന്നെ ആ ഓട്ടോ സുഹൃത്ത് പറഞ്ഞത് എന്താണെന്നു എനിക്ക് മനസില്ലവാത്തത് കൊണ്ട് മനസ്സില്‍ ഒരു നേരിയ കിടപ്പേ ഉള്ളൂ.
ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരു നേരം എന്റെയും മനസൊന്നു മാറി, ട്രാഫിക് നിയമം വെറും നിയമം മാത്രമാണെന്നും , വല്ലപ്പോഴുമൊക്കെ അതൊന്നു തെറ്റിച്ചില്ലെങ്കില്‍ "പിന്നെന്തു നിയമം!" എന്ന് തോന്നി. അന്നേരം എന്റെ കൂടെ ഇരിക്കുന്ന എന്റെ പ്രിയഭാര്യെയും അവളുടെ മടിയില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന, എന്നാല്‍ ഉണരുമ്പോള്‍ ഇടക്കിടക്ക് കാറിന്റെ ഗിയറില്‍ കൈയെത്തിയും, കാലെത്തിയും പിടിക്കാന്‍ നോക്കുന്ന ഞങ്ങളുടെ കടിഞ്ഞൂലിന്റെയും അടുത്ത് ഞാന്‍ ഒരു സംഭവം ആണ് എന്ന് തോന്നിപ്പിക്കും വിധം ഞാന്‍ അമ്പലപ്പുഴ ഓവറ്ബ്രിട്ജില്‍ കൂടി ഒരു overtaking അങ്ങ് നടത്തി. 4 കാറുകളേയും 2 ബൈക്കിനേയും ചുമ്മാ അങ്ങ് overtake ചെയ്തു. എതിരെ വന്ന ഒരു ബൈക്കുകാരന്‍ ലൈറ്റ് അടിച്ചു കാണിച്ചപ്പോള്‍ "ഇവനെന്താ വട്ടാണോ?" എന്ന് ചിന്തിച്ചു വിജയിയായി പാലം ഇറങ്ങി.
കാക്കി ഇട്ട രണ്ടു മൂന്ന് ചേട്ടന്മാര്‍ അവിടെ കുറച്ചു വണ്ടികള്‍ക്ക് കൈ കാണിക്കുന്നുണ്ട്. എന്റെ മുന്നേ പോകുന്ന ഓട്ടോ സുഹൃത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ കഷ്ടം തോന്നി. ഇവന്മാര്‍ ഒരു 100 രൂപെയെങ്കിലും ആ പാവത്തിന്റെ കൈയില്‍ നിന്നും മേടിചെടുക്കും എന്ന് വിചാരിച്ച് പോയ എന്റെ മുന്നില്‍ അതാ നീളുന്നു ഒന്നല്ല, രണ്ടു കൈകള്‍ . ഓട്ടോ സുഹൃത്ത് വളരെ കൂള്‍ ആയി ഓടിച്ചു പോവുകയും ചെയ്തു. വണ്ടി സൈഡില്‍ ഒതുക്കി "ഇപ്പൊ വരാം" എന്ന് ഭാര്യയോടും കടിഞ്ഞൂലിനോടും പറഞ്ഞ് ലൈസന്‍സ്, ബുക്ക്, പേപ്പര്‍ ഇത്യാദി വണ്ടിയുടെ ജന്ഗമ വസ്തുക്കളുമായി ഇറങ്ങിയപ്പോള്‍ തന്നെ ഒരു പോലിസ് ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞ് " overtaking ആണ് കേട്ടോ" . കേട്ടപ്പോള്‍ മനസില്‍ എന്താണെന്നു അറിയില്ല ഒരു തീ പിണറായി പാഞ്ഞു പോയി. പണി കിട്ടി മോനെ ,ഒരു 500 രൂപ സ്വാഹ എന്ന് എന്റെ മനസ്സ് എന്റെ മനസ്സിനോട് തന്നെ പറഞ്ഞു .
ജീപിന്റെ മുന്‍പില്‍ അബു സലിമിനെ ഓര്‍മിപ്പിക്കുന്ന ശരീരം ഉള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്‍ രസീത് തുറന്നു പിടിച്ചു നില്‍പ്പുണ്ട്. സ്ഥിരം മലയാളിയുടെ ചില അടവുകള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ പയറ്റാന്‍ ശ്രമിച്ചു പാഴാക്കി - ഇല്ല ഞാന്‍ ചെയ്തില്ല , കണ്ടില്ല സാര്‍ , അത് എന്റെ മുന്‍പിലുള്ള വണ്ടി ഒതിക്കിയപ്പോള്‍ ഞാന്‍ overtake ചെയ്തു പോയതാ, അങ്ങനെ പലതും. ഒന്നും ഏശിയില്ല. പക്ഷെ ഞാന്‍ തകര്‍ന്നത് അവിടെയോന്നുമല്ല.... ആ പോലിസ് ഉദ്യോഗസ്ഥന്‍ " സാറിന്റെ പേര് എന്താണ് " എന്ന് ചോദിചെപ്പോഴാണ്. ശരിക്കും ഞാന്‍ ഞെട്ടി. ഞെട്ടി പൊട്ടി തകര്‍ന്നു തരിപ്പണമായി ഞാന്‍ ആ ജീപിന്റെ മുന്‍പില്‍ അസ്തപ്രജ്ഞാനായി നിന്ന് പോയി. അവിടെ തീര്‍നില്ല, ഞാന്‍ ചെയ്ത കുറ്റവും അത് കൊണ്ട് സംഭവിക്കാമായിരുന്ന അപകടങ്ങളും മറ്റും അവര്‍ വളരെ സമാധാനപരമായി, ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിക്കാതെ സംസാരിക്കുനത് കേട്ട് ശരിക്കും എനിക്ക് കരയാന്‍ തോന്നി, രോമാഞ്ചം കൊണ്ട് എനിക്ക് വീര്‍പ്പു മുട്ടി. ഇത് നമ്മുടെ പോലിസ് തന്നെയാണെല്ലോ എന്ന് ഒരേ സമയം സംശയവും അഭിമാനവും തോന്നി.
എന്റെ അഡ്രസ്സും മറ്റും രസീതില്‍ കുറിച്ച് ഒരു 100 രൂപ പിഴയും വാങ്ങി അവര്‍ എനിക്ക് യാത്ര പറഞ്ഞു. ആ സമയം 100 അല്ല 1000 പറഞ്ഞിരുനെങ്കിലും കൊടുക്കാന്‍ മനസ് വന്നേനെ എനിക്ക്. തിരിച്ചു കാറിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴുവന്‍ മമ്മൂട്ടി ആയിരുന്നു " ഇതാണെടാ പോലിസ് .... ഇതാവണമെടാ
പോലിസ് " എന്ന അദ്ദേഹത്തിന്റെ ഒരു രൌദ്ര ഭാവത്തിലുള്ള ഡയലോഗ് എന്റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
കാറിന്റെ ഡോര്‍ തുറന്നു ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന എന്റെ നേര്‍ക്ക് ഉറക്കം മാറിയ ഞങ്ങളുടെ കടിഞ്ഞൂല്‍ പുത്രന്‍ "ഇങ്ങനയാണോ ഡ്രൈവിംഗ് ... ഇങ്ങനെയാവണമോ ഡ്രൈവര്‍ " എന്നാണോ ചോദിച്ചത് എന്ന ഒരു സംശയം ബാകി നിര്‍ത്തി ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.