Powered By Blogger

Thursday, December 30, 2010

എവിടെ പോകുന്നു നമ്മുടെ മലയാളി സിനിമയിലെ പെണ്ണുങ്ങള്‍?

ഒരു നല്ല മലയാളം പെണ്ണിനെ കണ്ടിട്ട് നാളുകളായി. തെറ്റിദ്ധരിക്കല്ലേ വെറുതെ ... പ്ളീസ്‌. സിനിമയിലെ കാര്യം ആണ് . ദേ പിന്നേം തെറ്റിദ്ധരിച്ചു. ഇതാ ഞാന്‍ ഒന്നും പറയാത്തത്. ഞാന്‍ പറഞ്ഞത് മലയാളം സിനിമയിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുടെ കാര്യമാണ്. കേട്ട് പഴകിയതാണ് , എന്നാലും ഞാനും ഒന്ന് പറഞ്ഞോട്ടെ.

ഈ അടുത്ത മാര്‍ഗളി പൂവേ എന്നാ തമിഴ് പാട്ട് യു ടുബില്‍ കണ്ടു. എനിക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു പാട്ട് ആണ് അത്, മറ്റു പലരെയും പോലെ തന്നെ. അപ്പോഴാണ് വേനല്‍ കാലത്തെ വിണ്ടുണങ്ങിയ ഭൂമി പോലെ കിടക്കുന്ന എന്റെ ബ്ലോഗിനെ കുറിച്ച് ഞാന്‍ ഓര്‍ത്തത്‌. സന്തോഷത്തോടു കൂടെ നെറ്റില്‍ ഓടി നടന്നു പഴയ പല സിനിമകളും കണ്ടു. നോക്കാത്ത ദൂരത്തു കണ്ണും നട്ട്, നീയെത്ര ധന്യ, എന്റെ സൂര്യ പുത്രിക്ക് , അങ്ങനെ പലതും. ഇവയിലെല്ലാം കാണാന്‍ സാധിച്ചത് അത്യാവശ്യം തണ്ടും തടിയും ഉള്ള നായികമാരെയാണ്. സമൂഹം "റിബല്‍" എന്ന് പറഞ്ഞു വെക്കുന്ന ചില കഥാപാത്രങ്ങളെ. ഒന്നല ഒരുപാടു അധികം സിനിമകളില്‍ ഈ കഥാപാത്ര സാന്നിധ്യം നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. അവര്‍ നമ്മുടെ തലമുറയ്ക്ക് ഒരു റോള്‍ മോഡല്‍ ആണോ അല്ലെയോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷെ അവര്‍ക്കെല്ലാം ഇന്നത്തെ നായികാ-സ്ത്രീ കഥാപാത്രങ്ങല്‍ക്കില്ലാത്ത ഒരു എല്ല് കൂടുതെലുണ്ടായിരുന്നു- നട്ടെല്ല്( ഈ വാക്കുകള്‍ എന്റെ ഒരു പഴയ സുഹൃത്തിന്റെ കൈയില്‍ നിന്നും കടം എടുതെതാണ്, സുഹൃത്തേ ക്ഷമി)

ജനതിക മാറ്റം കാരണമാണോ എന്നറിയില്ല, തൊണ്ണൂറുകളുടെ തുടക്കം മുതല്‍ (എന്റെ ചരിത്ര ജ്ഞാനം അത്ര പോര) സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഈ എല്ല് കാണാതായി തുടങ്ങി. കുറച്ചു കഥാപാത്രങ്ങള്‍ കഥയുടെ തുടക്കത്തില്‍ അല്പം തന്റേടിയും ശക്തയുമായി ആരംഭിച്ചാലും നമ്മുടെ നായകന്‍ വരുമ്പോള്‍ വെറും ശൂവും ഷീയും ആയി മാറുന്ന കാഴ്ച ആയിരുന്നു പിന്നീട് അധികവും. ഒരു കണ്ണെഴുതി പൊട്ടും തൊട്ടോ മാത്രം ഉണ്ടാവും ഇതിനു ഒരു അപവാദം. "പെണ്ണെന്നു പറഞ്ഞാല്‍ ...എന്ന് തുടങ്ങുന്ന നീളന്‍ ഡയലോഗുകള്‍ കേട്ടു ഞാന്‍ ഉള്‍പ്പെടെ ഉള്ള പ്രേക്ഷകര്‍ കൈയടിചിട്ടുണ്ടാകും. അതുമല്ലെങ്കില്‍ ഈ തെറിച്ച പെണ്ണിനെ നായകന്‍റെ ഒരു ചുംബനം കൊണ്ട് തോല്‍പ്പിച്ചു "വെറുമൊരു പെണ്ണാക്കി" മാറ്റിക്കളയും നമ്മള്‍ - ഈ നമ്മളോടാ കളി! അപ്പോഴാണ് ചില ആളുകള്‍ "ഇപ്പൊ ശരിയാക്കിത്തരാം" എന്ന് പറഞ്ഞു "ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി" വന്നത്. പക്ഷെ ആ വണ്ടികള്‍ ഒരിക്കെലും സ്റ്റാന്റ് വിടാതെ കട്ടപ്പുറത്ത് തന്നെ ഇരിക്കുകെയോ accident ആവുകെയോ ഒക്കെ ചെയ്തു. ഇതില്‍ നിന്നൊക്കെ പാഠം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റു ചില ബുദ്ധിമാന്മാര്‍ പ്രേക്ഷകരെ ഇക്കിളി കൂട്ടിച്ചു പണം വാരി. ഷക്കീലയും രേഷ്മയും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ "നിറഞ്ഞ് അഭിനയിച്ചു" സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം അറിയിച്ചു. ആ കാലവും അധികം നീണ്ടു നിന്നില്ല. പിന്നെയും കാലവും ചരിത്രവും പിന്നെ എന്തെല്ലാമോ സിനിമയില്‍ കൂടിക്കലര്‍ന്ന് ഒഴുകി ഒഴുകി ഇവിടെ എത്തി നില്‍ക്കുന്നു. ഇനി എങ്കിലും .....? ഒരു 33 ശതമാനമെങ്കിലും....?

ഇത്രയും വായിച്ചിട്ടും ഒന്നും മനസില്ലകാത്ത എന്റെ വായനക്കാര്‍ക്കായി.... .മൂന്ന് വാക്കുകള്‍ . ടൈറ്റില്‍ വായിക്കുക്ക പ്ളീസ്‌ ......